നവജാത ശിശുവിനെതിരേ വര്‍ഗീയ പരാമര്‍ശം: പ്രതി ഒളിവില്‍

കൊച്ചി: നവജാത ശിശുവിനെ ഹൃദയ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്തുനിന്നു കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ ഒളിവില്‍. ഇയാളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ തേടുന്നതായും പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ ഒളിവിലാണെന്ന വിവരമാണ് ലഭിച്ചിട്ടുള്ളതെന്നും പോലീസ് പറഞ്ഞു.
സംഭവത്തില്‍ കോതമംഗലം പൈങ്ങോട്ടൂര്‍ കടവൂര്‍ സോമസുന്ദരത്തിന്റെ മകന് ബിനില്‍ സോമസുന്ദരത്തിനെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസാണു കേസെടുത്തിട്ടുള്ളത്. മതവിദ്വേഷം പരത്തി എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. എ.എ. അന്‍ഷാദ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണു പോലീസ് നടപടി.

ഇയാള്‍ പലപ്പോഴും വീട്ടിലെത്താറില്ലെന്ന വിവരമാണു അന്വേഷണത്തില്‍ ലഭിച്ചതെന്നു പോലീസ് പറഞ്ഞു. പോസ്റ്റിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ മദ്യലഹരിയിലാണ് പോസ്റ്റിട്ടതെന്ന് പറഞ്ഞ് ഇയാള്‍ മാപ്പപേക്ഷയും നടത്തി.

ഹൃദയത്തിനു ഗുരുതര തകരാര്‍ സംഭവിച്ച 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് മംഗലാപുരത്തുനിന്ന് ആംബുലന്‍സില്‍ അമൃത ആശുപത്രിയിലെത്തിച്ചത്. തിരുവനന്തപുരത്തേക്കു കൊണ്ടുപോയ കുഞ്ഞിന് സര്‍ക്കാര്‍ ഇടപെടലിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സാ സൗകര്യമൊരുക്കുകയായിരുന്നു. ഇതിനെതിരേയാണു മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

അതിനിടെ, ഐസിയുവില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞുവന്ന കുഞ്ഞിന്റെ ശസ്ത്രക്രിയ രാവിലെ ആരംഭിച്ചു. ഏറെ അപകടസാധ്യതയുള്ള ശസ്ത്രക്രിയയാണു നടക്കുന്നതെന്നും സര്‍ജറിക്കുശേഷം കുഞ്ഞിനെ ഐസിയുവില്‍ പൂര്‍ണ നിരീക്ഷത്തിലാക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
കാസര്‍ഗോഡ് വിദ്യാനഗര്‍ പാറക്കട്ട സ്വദേശികളായ സാനിയ-മിത്താഹ് ദന്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണു കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്കായി അമൃതയില്‍ പ്രവേശിപ്പിച്ചത്. മംഗലാപുരത്തുനിന്നു റോഡ് മാര്‍ഗം ആംബുലന്‍സില്‍ 400 കിലോമീറ്റര്‍ അഞ്ചര മണിക്കൂര്‍ കൊണ്ടു പിന്നീട്ടാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
ഹൃദയത്തിന്റെ അറകളിലേക്കു രക്തം പന്പ് ചെയ്യുന്ന വെന്‍ട്രിക്കിളിലുണ്ടാകുന്ന ദ്വാരവും അയോര്‍ട്ടിക് വാല്‍വ് ചുരുങ്ങുന്നതുമാണു അസുഖം. ഹൃദയ തകരാറിനു പുറമെ ഭാവിയില്‍ കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ള മറ്റു വൈകല്യങ്ങളും പരിശോധനയില്‍ കണ്ടെത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.
