കളി ആട്ടത്തിന് വർണാഭമായ സമാപനം

കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ ആറു ദിവസമായി നടന്നു വരുന്ന കളി ആട്ടത്തിന് വർണാഭമായ സമാപനം. അഞ്ഞൂറോളം പേർ പങ്കെടുത്ത നൃത്തത്തോടെയാണ് കളിആട്ടം സമാപിച്ചത്. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ രചനയും സംവിധാനവും അവതരണവും നിർവഹിച്ച പതിനഞ്ച് നാടകങ്ങൾ അരങ്ങിൽ അവതരിപ്പിച്ചു.
കളി ആട്ടത്തിന്റെ ഭാഗമായി കളി വീടൊരുക്കിയ ഇരുപത്തി നാലു വീട്ടുകാരെ സമാപന സമ്മേളനത്തിൽ ആദരിച്ചു. കളി ആട്ടത്തിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ മനോജ് നാരായണൻ വിതരണം ചെയ്തു. കെ.പി. ഉണ്ണി ഗോപാലൻ അധ്യക്ഷത വഹിച്ചു. ബാലൻ കുനിയിൽ സ്വാഗതവും ഏ.കെ രമേശ് നന്ദിയും പറഞ്ഞു.

