ഐ എസ് ആര് ഒ യുടെ സാങ്കേതിക ക്ഷമതാ പരിശോധന വിജയകരം

ശ്രീഹരിക്കോട്ട: ബഹിരാകാശത്ത് പരീക്ഷണ തട്ടകം തീര്‍ക്കാനുള്ള ഐ എസ് ആര് ഒ യുടെ സാങ്കേതിക ക്ഷമതാ പരിശോധന വിജയകരം. പുതുവര്‍ഷത്തില്‍ പുതിയ കുതിപ്പുമായി പി എസ് എല്‍ വി – സി 44 വിക്ഷേപണം വിജയം കണ്ടു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേയ്സ് സെന്ററില്‍ നിന്ന് വ്യാഴാഴ്ച രാത്രി 11.37 നായിരുന്നു വിക്ഷേപണം.
ഭ്രമണപഥത്തില്‍ പരീക്ഷണങ്ങള്‍ക്കായി താത്ക്കാലിക ‘മഞ്ചം’ തീര്‍ക്കാന്‍ റോക്കററിന്റെ ‘അവശിഷ്ടങ്ങളെ ഉപയോഗപ്പെടുത്തുന്ന ആദ്യ പരീക്ഷണമായിരുന്നു ഇത്. സൈനിക ആവശ്യത്തിനുള്ള മൈക്രോസാറ്റ്–ആര് ഉപഗ്രഹം വിക്ഷേപണത്തിന്റെ പതിമൂന്നാo മിനിട്ടില്‍ റോക്കറ്റില്‍ നിന്ന് വേര്‍പെട്ട് നിര്‍ദ്ദിഷ്ട ഭ്രമണപഥത്തിലെത്തി.
റോക്കറ്റിന്റ നാലാം ഘട്ടമായ പിഎസ്–4 തുടര്‍ന്ന് പരീക്ഷണതട്ടകമായി മാറി. 450 കിലോമീറററിനു മുകളിലുള്ള ഭ്രമണപഥത്തിലേക്ക് കലാംസാറ്റുമായി അത് കുതിച്ചു. നിശ്ചിത പഥത്തില്‍ ഭൂമിയെ വലം വച്ചു തുടങ്ങി. ഉപഗ്രഹത്തില്‍ നിന്നുള്ള സിഗ്നലുകള്‍ ഉടന്‍ ലഭിച്ചു തുടങ്ങി. 15 മണിക്കൂറാണ് ആയുസ് പ്രവചിച്ചിരിക്കുന്നതെങ്കിലും പരീക്ഷണ തട്ടകം ഒരാഴ്ചയോളം പ്രവര്ത്തനസജമായിരിക്കുമെന്നാണ് നിഗമനം.

വിക്ഷേപണത്തിന് ശേഷം ബഹിരാകാശത്ത് അവശേഷിക്കുന്ന ഉപഗ്രഹഭാഗങ്ങളെ ഉപയോഗപ്പെടുത്തുന്ന പരീക്ഷണമാണിത്. ചിലവ് കുറഞ്ഞ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന്റെ ഭാഗമാണിത്. ഭാരംകുറഞ്ഞ കുഞ്ഞന്‍ ഉപഗ്രഹങ്ങളെയും റോബോട്ടുകളെയും റോക്കറ്റിന്റെ ഭാഗങ്ങളില്‍ നിലനിര്‍ത്തിയുള്ള ഭാവി പരീക്ഷണങ്ങള്‍ക്ക് ഈ വിക്ഷേപണ വിജയം കരുത്താകും.

ഗവേഷണസ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, കോളജുകള്‍ തുടങ്ങിയവയെ ഇത്തരം പരീക്ഷണങ്ങളില്‍ പങ്കാളികളാക്കുമെന്ന് ഐ എസ് ആര് ഒ ചെയര്മാന് ഡോ കെ ശിവന് അറിയിച്ചു. വിഎസ്എസ്സി ഡയറക്ടര്‍ ഡോ എസ് സോമനാഥ്, വിവിധ സെന്റ്റര്‍ ഡയറക്ടര്‍മാരായ പി കുഞ്ഞി കൃഷ്ണന്, ഡോ നാരായണന്, പ്രൊജക്ട് ഡയറക്ടര്‍ ആര് ഹട്ടന് തുടങ്ങിയവര്‍ വിക്ഷേപണത്തിന് നേതൃത്വം നല്കി.

