ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തന്റെ വ്യക്തിപരമായ അഭിപ്രായത്തിന് പ്രസക്തിയില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തന്റെ വ്യക്തിപരമായ അഭിപ്രായത്തിന് പ്രസക്തിയില്ലെന്ന് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്റിന് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അതാണ് ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അദ്ദേഹം പറഞ്ഞതെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്നും ഏത് സീറ്റ് വേണമെന്ന് അദ്ദേഹം തീരുമാനിച്ചാല്‍ മതി എന്നുമായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കഴിഞ്ഞ ദിവസം പറഞ്ഞത്.
ഇതിനിടെ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞുകൊണ്ട് സ്ഥാനാര്‍ത്ഥിത്വത്തിനുള്ള സന്നദ്ധത ഉമ്മന്‍ചാണ്ടി അറിയിക്കുകയും ചെയ്തു. ജോസ് കെ മാണി നയിക്കുന്ന കേരളാ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രചാരണ യാത്രയായ കേരളയാത്ര കാസര്‍കോട് ഉദ്ഘാടനം ചെയ്തതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പ്രശ്നങ്ങളില്ലാതെ പൂര്‍ത്തിയാക്കുമെന്ന് ചെന്നിത്തല പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച ഇതുവരെ തുടങ്ങിയിട്ടില്ല. അതേസമയം കൊല്ലത്തെ എന്‍ കെ പ്രേമചന്ദ്രന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം യുഡിഎഫ് അറിഞ്ഞുകൊണ്ടാണെന്ന് ചെന്നിത്തല സ്ഥിരീകരിച്ചു. താന്‍ ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

