സഹപാഠികള്‍ക്ക് വീടൊരുക്കി എസ്.എന്‍.ഡി.പി.യോഗം കോളജ്

കൊയിലാണ്ടി: ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി.യോഗം കോളജ് നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റുകളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെയും അധ്യാപക-അനധ്യാപകരുടെയും കൂട്ടായ്മയില്‍ കോളജിലെ വിദ്യാര്‍ഥികളായ സഹോദരിമാര്‍ക്ക് സ്‌നേഹവീട് നിര്‍മ്മിച്ചു. പി.ജി. വിദ്യാര്‍ഥിനിയായ അനുശ്രീ, സഹോദരിയും ഡിഗ്രി വിദ്യാര്‍ഥിനിയുമായ അനഘ എന്നിവരുടെ പിതാവിന്റെ ദേഹവിയോഗത്തെ തുടര്‍ന്ന് വീട്ടിലെത്തിയ പ്രിന്‍സിപ്പലും അധ്യാപകരും വിദ്യാര്‍ഥികളുമടക്കമുള്ളവര്‍ സഹോദരിമാര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുവാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രിന്‍സിപ്പല്‍ ഡോ. വി.അനിലിന്റെ നിര്‍ദ്ദേശത്തെതുടര്‍ന്ന് എന്‍.എസ്.എസ്. ദൗത്യം ഏറ്റെടുക്കുകയായിരുന്നു. പ്രോഗ്രാം ഓഫീസര്‍മാരായ എം.വിനോദ് കുമാര്‍, വിദ്യവിശ്വനാഥന്‍, എന്നിവരുടെ നേതൃത്വത്തില്‍ വടകര ലോകനാര്‍കാവിനടുത്ത് ഒരു വര്‍ഷംകൊണ്ട് വീട് പണി പൂര്‍ത്തിയാക്കി. പിതാവിന്റെ ഒന്നാം ചരമവാര്‍ഷിക ദിനമായ ജനുവരി 17ന് കോളജില്‍ നടന്ന പരിപാടിയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രൊ.വൈസ് ചാന്‍സിലര്‍ ഡോ. പി.മോഹന്‍ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു. കെ.ദാസന്‍ എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു.
പ്രിന്‍സിപ്പല്‍ ഡോ. വി.അനില്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിവേഴ്‌സിറ്റി എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ പ്രൊ. പി.പി.വത്സരാജ്, പി.ടി.എ.വൈസ് പ്രസിഡണ്ട് പി.കെ.ഗോവിന്ദന്‍, ഡോ. വി.കെ.രാമചന്ദ്രന്‍, യൂണിയന്‍ ചെയര്‍മാന്‍ കെ.കെ.അഭിറാം, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ എ.വിനോദ് കുമാര്‍, വിദ്യവിശ്വനാഥന്‍, സാരംഗ് എന്നിവര്‍ സംസാരിച്ചു.
