KOYILANDY DIARY.COM

The Perfect News Portal

ഗെയില്‍ പൈപ്പ‌് ലൈന്‍ പണി മാര്‍ച്ചില്‍ തീരും

കൊച്ചി: ഗെയില്‍ പ്രകൃതിവാതക പൈപ്പ‌്‌ലൈന്‍ സ്ഥാപിക്കല്‍ ജോലികള്‍ മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും. ഇതിനകം 90 ശതമാനം ജോലികള്‍ പൂര്‍ത്തിയായി. കഴിഞ്ഞ യുഡിഎഫ‌് സര്‍ക്കാര്‍ 2013ല്‍ 22 കിലോമീറ്റര്‍ ദൂരംമാത്രം ഇട്ടവസാനിപ്പിച്ച പൈപ്പ‌്‌ലൈന്‍ സ്ഥാപിക്കല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടരവര്‍ഷംകൊണ്ടാണ‌് പൂര്‍ത്തിയാകുന്നത‌്. ഈ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത‌് 392 കിലോമീറ്റര്‍. ഗെയിലിന്റെ കൊച്ചി– കൂറ്റനാട‌്, ബംഗളൂരു–മംഗളൂരു പൈപ്പ‌്‌ലൈന്‍ പദ്ധതിയുടെ ആകെയുള്ള 503 കിലോമീറ്ററില്‍ 35 കിലോറ്റര്‍ ദൂരം പൈപ്പിടല്‍ ദക്ഷിണ കാനറ ജില്ലയിലും മുന്നേറുകയാണ‌്.

പണി അതിവേഗത്തില്‍ 
ഗെയിലിന്റെ പ്രധാന റൂട്ടായ കൊച്ചി–കൂറ്റനാട‌് സിംഗിള്‍ലൈന്‍ പൈപ്പിടല്‍ പൂര്‍ത്തിയായി. അവിടെനിന്ന‌് ബംഗളൂരുവിലേക്കും മംഗളൂരുവിലേക്കും ഡബിള്‍ ലൈനുകളാണ‌്. ഇതില്‍ മംഗളൂരുവിലേക്കുള്ള പൈപ്പ‌്‌ലൈന്‍ കേരളത്തില്‍ 409 കിലോമീറ്ററാണ‌്. ഇതിലുള്ള 392 കിലോമീറ്ററിലാണ‌് പൈപ്പ‌്‌ലൈന്‍ വെല്‍ഡ‌് ചെയ്യുന്ന ജോലികള്‍ പൂര്‍ത്തിയായത‌്. 343 കിലോമീറ്റര്‍ പൈപ്പ‌് മണ്ണിനടിയില്‍ സ്ഥാപിച്ചതായി ഗെയില്‍ സിഎംഡി ടോണി മാത്യു അറിയിച്ചു.

എറണാകുളം, തൃ‌ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട‌് ജില്ലകളില്‍ കൂടിയാണ് പൈപ്പ് കടന്നുപോകുന്നത്. ഏഴ‌് സ‌്ട്രെച്ചുകളിലായാണ‌് ജോലികള്‍. എറണാകുളം ജില്ലയില്‍ 16 കിലോമീറ്ററും തൃശൂരില്‍ 78ഉം പാലക്കാട‌് 13ഉം മലപ്പുറത്ത‌് 58ഉം കോഴിക്കോട‌് 80ഉം കണ്ണൂരില്‍ 83ഉം കാസര്‍കോട‌് 81ഉം കിലോമീറ്ററാണ‌് പൈപ്പ‌്‌ലൈന്‍. ഇതില്‍ എറണാകുളം, തൃശൂര്‍ ജില്ലകള്‍ കടന്ന‌് കൂറ്റനാട‌് വരെയുള്ള ആദ്യ സ‌്ട്രെച്ചിലെ 97 കിലോമീറ്റര്‍ ദൂരവും വെല്‍ഡിങ‌് ജോലികളും പൈപ്പ‌് മണ്ണിനടിയില്‍ സ്ഥാപിക്കലും പൂര്‍ത്തിയായി. കൂറ്റനാട‌്മുതല്‍ മലപ്പുറം അരീക്കല്‍വരെയുള്ള രണ്ടാം എ സ‌്ട്രെച്ചില്‍ ആകെയുള്ള 64 കിലോമീറ്ററില്‍ 60 കിലോമീറ്റര്‍ പൈപ്പുകള്‍ വെല്‍ഡ‌്ചെയ‌്തു കഴിഞ്ഞു. 45 കിലോമീറ്റര്‍ പൈപ്പുകള്‍ മണ്ണിനടിയില്‍ സ്ഥാപിച്ചു.

Advertisements

അരീക്കോട‌്മുതല്‍ കോഴിക്കോട‌് ആയഞ്ചേരി വരെയുള്ള രണ്ടാം ബി സ‌്ട്രെച്ചില്‍ 67 കിലോമീറ്ററില്‍ 58 കിലോമീറ്റര്‍ പൈപ്പ‌് വെല്‍ഡ‌്ചെയ‌്തു. 42 കിലോമീറ്റര്‍ പൈപ്പുകള്‍ സ്ഥാപിച്ചു. ആയഞ്ചേരിമുതല്‍ കണ്ണൂര്‍ കുറുമത്തൂര്‍വരെയുള്ള മൂന്നാം എ സ‌്ട്രെച്ചില്‍ 64 കിലോമീറ്ററില്‍ 60 കിലോമീറ്റര്‍ വെല്‍ഡിങ്ങും 42 കിലോമീറ്റര്‍ പൈപ്പിടലും കഴിഞ്ഞു. കുറുമത്തൂര്‍മുതല്‍ കാസര്‍കോട‌് പെരളംവരെയുള്ള മൂന്നാം ബി സ‌്ട്രെച്ചിലെ 47 കിലോമീറ്ററില്‍ അത്രയും ദൂരം വെല്‍ഡിങ്ങും 46 കിലോമീറ്റര്‍ പൈപ്പിടലും പൂര്‍ത്തിയായി. പെരളം മുതല്‍ കേരള അതിര്‍ത്തി വരെയാണ‌് നാലാം എ സ‌്ട്രെച്ച‌്. 70 കിലോമീറ്ററാണ‌് ദൂരം. 70 കിലോമീറ്ററും പൈപ്പുകള്‍ വെല്‍ഡിങ് കഴിഞ്ഞു. 64 കിലോമീറ്റര്‍ പൈപ്പിടലും പൂര്‍ത്തിയായി.

എതിര്‍പ്പുകള്‍ മറികടന്നു, സംയമനത്തോടെ 
2013ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ‌് പൈപ്പിടലും സ്ഥലമെടുപ്പും പ്രാദേശിക എതിര്‍പ്പുകളെത്തുടര്‍ന്ന‌് നിര്‍ത്തിവച്ചത‌്. സര്‍വേ നടത്താന്‍പോലും സമ്മതിക്കാത്ത സ്ഥിതിയുണ്ടായി. ഇതെത്തുടര്‍ന്ന‌് നേരത്തെയുണ്ടാക്കിയ കരാറുകള്‍പോലും റദ്ദാക്കേണ്ടിവന്നു. ഗെയില്‍ പദ്ധതി മുന്നോട്ട‌ുനീങ്ങില്ലെന്ന സ്ഥിതിയായി. ഈ സാഹചര്യത്തിലാണ‌് 2016ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയത‌്. പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ‌്ചയില്‍ത്തന്നെ ഗെയില്‍ പൈപ്പ‌്‌ലൈനിടല്‍ പൂര്‍ത്തിയാക്കുമെന്ന‌് മുഖ്യമന്ത്രി ഉറപ്പുപറഞ്ഞിരുന്നു. 2016 സെപ‌്തംബറില്‍ വ്യവസായവകുപ്പിന്റെ മുന്‍കൈയില്‍ പദ്ധതി വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. 2017 ജനുവരിമുതല്‍ പ്രവൃത്തികള്‍ മുന്നേറുന്നതിനിടെ കൂറ്റനാടും മുക്കത്തും താമരശേരിയിലും കടുത്ത പ്രതിഷേധമുയര്‍ത്തി ചിലരെത്തി. ഇവര്‍ അക്രമം നടത്തുന്ന സ്ഥിതിയുണ്ടായി. എല്ലാം തികഞ്ഞ സംയമനത്തോടെ സര്‍ക്കാര്‍ സമര്‍ഥമായി കൈകാര്യം ചെയ‌്തുവെന്ന‌് ഗെയില്‍ സിഎംഡി ടോണി മാത്യു പറഞ്ഞു.

നഷ്ടപരിഹാര പാക്കേജ‌് പുതുക്കി, സ്ഥലമെടുപ്പ‌് എളുപ്പത്തിലായി
പൈപ്പിടലിന‌് കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നായി കരഭൂമിയായി 377 ഏക്കറും തോട്ടം, തണ്ണീര്‍ത്തടം എന്നീ വകയില്‍ 880 ഏക്കറുമായി മൊത്തം 1257 ഏക്കറാണ് ഏറ്റെടുക്കുന്നത്. നഷ്ടപരിഹാരത്തുകയായി 406 കോടിക്കാണ‌് അനുമതി ലഭിച്ചത‌്‌. ഇതില്‍ ഇതിനകം വിളകള്‍ക്കു മാത്രമായി 222 കോടി രൂപയും സ്ഥലത്തിനായി 31 കോടി രൂപയും നല്‍കിക്കഴിഞ്ഞു. 2017 നവംബര്‍ 11ന‌് മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ‌് നഷ്ടപരിഹാര പാക്കേജ‌് പുതുക്കിയത‌്.

10 സെന്റില്‍ കുറവ്‌ ഭൂമിയുള്ളവര്‍ക്ക‌് നഷ്ടപരിഹാരം അഞ്ചുലക്ഷം രൂപയായി ഉയര്‍ത്തിയതും ഈ യോഗത്തിലാണ‌്. ഇതോടെ സ്ഥലമെടുപ്പും എളുപ്പത്തിലായി. പൈപ്പിടല്‍ കഴിയുന്ന മുറയ‌്ക്ക‌് നഷ്ടപരിഹാരത്തുക നല്‍കുന്ന നടപടികളും പുരോഗമിക്കുകയാണ‌്.

Share news

Leave a Reply

Your email address will not be published. Required fields are marked *