KOYILANDY DIARY

The Perfect News Portal

മുല്ലപ്പെരിയാര്‍: ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

ഇടുക്കി > മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടി പിന്നിട്ടു. പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കേന്ദ്ര ദുരന്ത നിവാരണ സേനയും മുല്ലപ്പെരിയാറില്‍ എത്തിയിട്ടുണ്ട്. മഴ വീണ്ടും ശക്തി പ്രാപിച്ചതോടെ അണക്കെട്ടിലെ ജലനിരപ്പ് അതിവേഗമാണ് ഉയരുന്നത്.പദ്ധതി പ്രദേശത്ത് തുടരുന്ന കനത്തമഴയെത്തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് അതിവേഗം ഉയരുകയാണ്. . കഴിഞ്ഞദിവസം അണക്കെട്ട് സന്ദര്‍ശിച്ച ഉന്നതാധികാരസമിതി ജലനിരപ്പ് താഴ്ത്തണമെന്ന കേരളത്തിന്റെ ആവശ്യം നിരാകരിച്ചിരുന്നു. ഇതോടെ തമിഴ്‌നാട് മുല്ലപ്പെരിയാറിലെ ജലം കൊണ്ടുപോകുന്ന തേനിയിലെ വൈഗ അണക്കെട്ടില്‍ നിന്ന് തുറന്നുവിടുന്ന ജലത്തിന്റെ അളവ് 4060 ഘനയടിയില്‍ നിന്ന് 3560 ആയി കുറച്ചു.

ഉന്നതാധികാര സമിതിയുടെ സന്ദര്‍ശനം കഴിഞ്ഞതോടെ ഇനി ജലനിരപ്പ് ഉയരുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കേരളം നേരിടേണ്ട സാഹചര്യമാണ് നിലവിലുള്ളത്.  ജലനിരപ്പ് ഉയരുന്നതോടെ തീരവാസികളുടെ ആശങ്ക വര്‍ധിക്കുകയാണെന്നും സ്ഥിതി തുടര്‍ന്നാല്‍ പ്രക്ഷോഭമാരംഭിക്കുമെന്നും മുല്ലപ്പെരിയാര്‍ സമരസമിതി അറിയിച്ചു.