വൃക്ക – കാൻസർരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: നഗരസഭയുടെയും, താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തിൽ കൊയിലാണ്ടിയിൽ സുകൃതം ജീവിതം എന്ന പേരിൽ വൃക്ക – കാൻസർരോഗ നിർണ്ണയ ക്യാമ്പും, മെഗാഎക്സിബിഷനും സംഘടിപ്പിക്കുന്നു. ഡിസംബർ 27, 28, 29, തിയ്യതികളിൽ നഗരസഭാ ടൗൺ ഹാളിലാണ് ക്യാമ്പ് നടത്തുക.
നഗരസഭയിലെ മുഴുവൻ ആളുകളെയും പങ്കെടുപ്പിക്കാനാണ് പരിപാടി തയ്യാറാക്കുന്നത്. ഡിസം 20 മുതൽ നഗരസഭയിലെ മുഴുവൻ അംഗൻവാടിയിലൂടെയും, ആരോഗ്യ സബ്‌സെന്റെറിലും രജിസ്റ്റർ ചെയ്താണ് ക്യാമ്പിലേക്ക് ആളുകളെ എത്തിക്കുക. നഗരസഭാ പരിധിയിലെ മുഴുവൻ സ്കൂൾ വിദ്യാർത്ഥികളെയും ക്യാമ്പിൽ പങ്കെടുപ്പിക്കും.

രജിസ്റ്റർ ചെയ്യാത്തവർക്കും ക്യാമ്പിൽ പങ്കെടുക്കാം. പരിശോധന ആവശ്യമായവർക്ക് ക്യാമ്പിൽ വെച്ച് നടത്തും. മൂന്നു ദിവസമായി നടത്തുന്ന ക്യാമ്പിൽ 50,000 ത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നതെന്ന് നഗരസഭാ ചെയർമാൻ അഡ്വ;
കെ.സത്യൻ പറഞ്ഞു. വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

മലബാർ കാൻസർ കെയർ സൊസൈറ്റിയുടെയും സഹകരണത്തോടെയും, കോഴിക്കോട് മെഡിക്കൽ കോളെജ്, പരിയാരം മെഡിക്കൽ കോളെജ് തുടങ്ങിയവയുടെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

