മൊബൈല്‍ ഷോപ്പില്‍ മോഷണം നടത്തുന്നതിനിടെ രണ്ടുപേര്‍ പിടിയില്‍

തൃശൂര്‍: ചാലക്കുടി സൗത്ത് ജങ്ഷനിലെ മൊബൈല്‍ ഷോപ്പില്‍ മോഷണം നടത്തുന്നതിനിടെ രണ്ടു പേരെ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. പനമ്ബിള്ളി സെന്ററിലെ താഴ്ത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന നാല് മൊബൈല്‍ ഷോപ്പുകളാണ് കുത്തിതുറന്നത്. പ്ലാസ്റ്റിക് കവറുകളിലാക്കി മൊബൈല്‍ ഫോണുകള്‍ കൊണ്ടു പോകുന്നതിനിടെയാണ് പിടിയിലായത്.
കൊരട്ടി സ്വദേശി ജോമോന്, അങ്കമാലി സ്വദേശി ആഷിക് എന്നിവരാണ് പിടിയിലായത്. മൊബൈലുകള്‍ മോഷ്ടിക്കുന്നതിനിടയില്‍ മുകളിലത്തെ നിലയില്‍ ഫ്ളക്സ് കടയിലുണ്ടായിരുന്ന ആള്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഒരാളെ കടയുടെ ഉള്ളില്‍ നിന്നും മറ്റൊരാളെ സൗത്ത് ജംഗ്ഷനില്‍ നിന്നുമാണ് പിടികൂടിയത്. വിരലടയാള വിദഗ്ദര്‍ മോഷണം നടന്ന കടകളിലെത്തി പരിശോധന നടത്തി.

