വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് നാല് ശതമാനം ജോലി സംവരണം

സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് നാല് ശതമാനം ജോലി സംവരണം ഉറപ്പുവരുത്തി സര്‍ക്കാര്‍. ഇതു സംബന്ധിച്ച ഉത്തരവ് സാമൂഹ്യനീതി വകുപ്പ് പുറപ്പെടുവിച്ചു. എയ്ഡഡ് സ്‌കൂളുകള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ എന്നിവിടങ്ങളിലാണ് സംവരണം ഏര്‍പ്പെടുത്തിയത്.
ആര്‍പിഡബ്ല്യുഡി ആക്‌ട് പ്രകാരം ആകെ ഒഴിവുകളുടെ നാലുശതമാനം സംവരണമാണ് ഏര്‍പ്പെടുത്തിയത്. 1995ലെ ഡിസബലിറ്റീസ് ആക്‌ട് പ്രകാരം 1996 ഫെബ്രുവരി ഏഴുമുതല്‍ 2017 ഏപ്രില്‍ 18 വരെ മുന്‍കാല പ്രാബല്യത്തോടെ മൂന്ന് ശതമാനം സംവരണവും ഉണ്ടായിരിക്കുമെന്ന് മന്ത്രി കെകെ ശൈലജ അറിയിച്ചു.

1995ലെ ഡിസബിലിറ്റീസ് ആക്‌ട് പ്രകാരം എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഭിന്നശേഷിക്കാര്‍ക്ക് മൂന്ന് ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. 2016ലെ ആക്‌ട് സംവരണം നാല് ശതമാനമായി ഉയര്‍ത്തി. കാഴ്ചക്കുറവ്, കേള്‍വിക്കുറവ്, ലോക്കോ മോട്ടോര്‍ ഡിസബിലിറ്റി (സെറിബ്രല്‍ പാള്‍സി, കുഷ്ഠം, ഉയരക്കുറവ്, ആസിഡ് ആക്രമണത്തിന്റെ ഇര, മസ്‌ക്യുലര്‍ ഡിസ്‌ട്രോഫി), ഓട്ടിസം/ ബുദ്ധിപരമായ വൈകല്യം/ പ്രത്യേക പഠന വൈകല്യം/മാനസിക രോഗങ്ങള്‍/ ഒന്നിലധികം വൈകല്യങ്ങള്‍ എന്നീ വിഭാഗങ്ങള്‍ക്കാണ് ഓരോ ശതമാനം സംവരണം നല്‍കുന്നത്.

