ഹരിനാമകീര്‍ത്തനം നൃത്തരൂപത്തിലൊരുക്കി ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ സമര്‍പ്പിച്ചു
ഗുരുവായൂര്‍: ഹരിനാമകീര്‍ത്തനം നൃത്തരൂപത്തിലൊരുക്കി ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ സമര്‍പ്പിച്ചു. കാലടി സംസ്‌കൃത സര്‍വകലാശാലയിലെ നൃത്ത വിഭാഗം തലവന്‍ ഡോ. സി. വേണുഗോപാലാണ് ഹരിനാമകീര്‍ത്തനം നൃത്തരൂപത്തില്‍ ചിട്ടപ്പെടുത്തി മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ അവതരിപ്പിച്ചത്.
എഴുത്തച്ഛന്റെ ചിത്രത്തിലുള്ള വേഷവിധാനങ്ങളോടെയാണ് നര്‍ത്തകന്‍ അരങ്ങിലെത്തിയത്. ഇതാദ്യമായാണ് ഹരിനാമകീര്‍ത്തനം നൃത്തരൂപത്തില്‍ അരങ്ങേറുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പിടി, കേരള നടനം, കഥകളി എന്നീ ശാസ്ത്രീയ നൃത്തങ്ങളുടെ ചുവടുകളെയെല്ലാം സമന്വയിപ്പിച്ചായിരുന്നു നൃത്താവതരണം. ദക്ഷിണാമൂര്‍ത്തി സംഗീതം നല്‍കി പി. ലീല പാടിയ അതേ രാഗങ്ങളാണ് നൃത്തത്തിലും ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഭാഗ്യലക്ഷ്മി (വായ്പാട്ട്), ബീന വേണുഗോപാല്‍ (നട്ടുവാംഗം) കലാമണ്ഡലം പ്രഭജിത്ത് (മൃദംഗം), തൃശൂര്‍ മുരളീകൃഷ്ണന്‍ (വീണ), മുരളീ നാരായണന്‍ (പുല്ലാങ്കുഴല്‍) എന്നിവരും നൃത്താവതരണത്തില്‍ പങ്കുചേര്‍ന്നു.




