KOYILANDY DIARY

The Perfect News Portal

അടിസ്ഥാനസൗകര്യ വികസന മേഖലയില്‍ കൂടുതല്‍ നിക്ഷേപവുമായി മാരുതി

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി അടിസ്ഥാനസൗകര്യ വികസന മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താനൊരുങ്ങി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 15,000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് സുസുക്കിയുടെ തീരുമാനം. 2020 ഓടെ വാര്‍ഷിക വില്‍പ്പന 20 ലക്ഷം യൂണിറ്റാക്കി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് മാരുതി നിക്ഷേപം നടത്തുന്നത്. ഡീലര്‍ഷിപ്പ് ശൃംഖല വിപുലപ്പെടുത്തുന്നതിനായി സ്ഥലം കണ്ടെത്തല്‍, സംഭരണശാലകള്‍, ഗതാഗത സംവിധാനം എന്നിവ പരിഷ്‌കരിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കാണ് നിക്ഷേപം ഉപയോഗപ്പെടുത്തുക. 2017 ല്‍ ഗുജറാത്തിലെ മൂന്നാമത്തെ പ്ലാന്റ് പ്രവര്‍ത്തന സജ്ജമാകുന്നതോടെ ഈ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. രാജ്യത്തൊട്ടാകെ 1,700 ലധികം ഡീലര്‍ഷിപ്പ് ഔട്ട്‌ലറ്റുകളാണ് മാരുതിക്ക് ഉള്ളത്.വിതരണമുള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഏകദേശം 30,000 കോടി രൂപയാണ് പ്രതീക്ഷിത ചെലവ്. പകുതി പണം കമ്പനിയും ബാക്കി ഡീലര്‍മാരുമാണ് മുടക്കുക. നിലവില്‍ 13,000 കോടിയോളം രൂപയുടെ കരുതല്‍ ശേഖരമുള്ള മാരുതിയുടെ വാര്‍ഷിക ഉല്‍പ്പാദന ശേഷി 10 ലക്ഷത്തിന് മുകളിലാണ്.