KOYILANDY DIARY.COM

The Perfect News Portal

സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ യു ഡി എഫ് പങ്കെടുക്കും

തിരുവനന്തപുരം: ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ യുഡിഎഫും തീരുമാനിച്ചു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയടക്കം നിലപാടുകള്‍ തള്ളിയാണ് മുന്നണി ഇത്തരമൊരു തീരുമാനത്തിലെത്തിയത്. മുഖ്യമന്ത്രിയുടെ നില പരുങ്ങലിലായപ്പോഴാണ് യോഗം വിളിച്ചതെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് മുന്‍പ് ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി പുച്ഛിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞു.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് തുലാമാസ പൂജയ്ക്കിടെയും ചിത്തിര ആട്ടവിശേഷത്തിനിടെയും ഉണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് മണ്ഡലകാലത്ത് സമവായത്തിലൂടെ കാര്യങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഇതിനായി വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്കാണ് സര്‍വകക്ഷി യോഗം വിളിച്ചത്.

മുല്ലപ്പള്ളി അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന നിലപാടെടുത്തപ്പോള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന നിലപാടെടുക്കുകയായിരുന്നു ഘടകകക്ഷികള്‍. സമാധാനം തകര്‍ക്കുന്ന ഒന്നും ശബരിമലയില്‍ ഉണ്ടാകരുതെന്ന് ആവശ്യപ്പെടാനാണു യുഡിഎഫിന്റെ തീരുമാനം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മില്‍ വിഷയം ഫോണില്‍ സംസാരിച്ചിരുന്നു.

Advertisements

ദേവസ്വം ബോര്‍ഡും പന്തളം കൊട്ടാരവും തന്ത്രി കുടുംബത്തിലെ പ്രതിനിധിയും ഉള്‍പ്പെടുന്ന പ്രത്യേക ചര്‍ച്ചയും വിളിച്ചിട്ടുണ്ട്. ശബരിമലയില്‍ ആചാരലംഘനം പാടില്ലെന്ന നിലപാട് സര്‍ക്കാരിനെ അറിയിക്കും. സര്‍വകക്ഷിയോഗത്തിനുശേഷം വൈകിട്ട് മൂന്നരയ്ക്കാണ് ചര്‍ച്ച.

എന്‍എസ്‌എസിനെ വിശ്വാസത്തിലെടുത്തു മുന്നോട്ടു പോകാനുള്ള ചര്‍ച്ചകളാണു സര്‍ക്കാരിനുള്ളില്‍ നടക്കുന്നത്. സമവായത്തിന് എന്‍എസ്‌എസും തയാറാണെന്ന സൂചനകളാണു പുറത്തുവരുന്നത്. ശബരിമലയിലെ ആചാരങ്ങള്‍ക്കു തടസമുണ്ടാകാത്ത തരത്തില്‍ സര്‍ക്കാര്‍ വിവേകപൂര്‍വമായ തീരുമാനമെടുക്കുമെന്നാണു പ്രതീക്ഷയെന്നു എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രതികരിച്ചിരുന്നു.

പുനഃപരിശോധന, റിട്ട് ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനമെടുത്തതിനു പിന്നാലെയാണു സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സുപ്രീംകോടതി നിലപാടു പുറത്തുവന്നതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യം ആശയവിനിമയം നടത്തിയതു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായിട്ടായിരുന്നു.

അതേസമയം സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കുന്ന കാര്യം എന്‍.ഡി.എ യോഗത്തില്‍ ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള വ്യക്തമാക്കി. വിശ്വാസികള്‍ക്ക് അര്‍ഹതപ്പെട്ട നീതി നല്‍കാന്‍ തയ്യാറല്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. വിശ്വാസികളുടെ വിശ്വാസം ആര്‍ജിക്കാന്‍ സര്‍ക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ലെന്നും പിള്ള കുറ്റപ്പെടുത്തി.

കേസില്‍ സുപ്രീം കോടതിയുടെ അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കണമെന്നും തിരക്കിട്ട് യുവതികളെ പ്രവേശിപ്പിക്കരുതെന്നും കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകളും യോഗത്തില്‍ ആവശ്യപ്പെടുമെന്നാണ് വിവരം.
അതേസമയം, സര്‍വകക്ഷി യോഗത്തില്‍ ആരെയൊക്കെ പങ്കെടുപ്പിക്കണമെന്ന കാര്യത്തില്‍ ബുധനാഴ്ച തീരുമാനമുണ്ടാകും. നിയമസഭയില്‍ പ്രാതിനിധ്യമുള്ളതും ഇല്ലാത്തതുമായ രാഷ്ട്രീയ പാര്‍ട്ടികളെയും പ്രമുഖ സമുദായ സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിക്കുമെന്നാണ് വിവരം.

Share news

Leave a Reply

Your email address will not be published. Required fields are marked *