സമൂഹത്തില്‍ നല്ല ബന്ധങ്ങള്‍ ഇല്ലാതാകുന്നതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് മുല്ലക്കര രത്‌നാകരന്‍

കോട്ടയം: സമൂഹത്തില്‍ നല്ല ബന്ധങ്ങള്‍ ഇല്ലാതാകുന്നതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് മുല്ലക്കര രത്‌നാകരന്‍ എം എല്‍ എ. ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ കള്‍ച്ചറല്‍ കോഓപ്പറേഷന്‍ ആന്റ് ഫ്രണ്ട്ഷിപ്പ് (ഇസ്‌കഫ്) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയവും, മതവും, മറ്റ് താല്‍പ്പര്യങ്ങളും വേര്‍തിരിക്കാത്ത പൊതുവേദികള്‍ ഉണ്ടാകുന്നതിലൂടെ മാത്രമേ നല്ല ബന്ധങ്ങള്‍ സൃഷ്ടിക്കാനാവൂ. ഇസ്‌കഫ് പോലെയുള്ള സംഘടനകള്‍ക്ക് അതിന് സാധിക്കാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വേര്‍തിരിവുകള്‍ സൃഷ്ടിച്ചുള്ള തലങ്ങള്‍ ഉണ്ടാവുമ്ബോള്‍ ഓരോന്നിന്റെയും നിലനില്‍പ്പ് അപകടത്തിലാവുന്നു. കൂട്ടുകുടുംബം അണുകുടുംബം ആയപ്പോഴുള്ള പ്രതിസന്ധി പോലെയാണത്.

സമൂഹത്തില്‍ ഇന്ന് മദ്യപാനം ഉള്‍പ്പെടെയുള്ളവ സൃഷ്ടിക്കുന്ന അപകട നിരക്കിനേക്കാള്‍ കൂടുതലാണ് വിവാഹമോചന നിരക്ക്.ആത്മഹത്യചെയ്യുന്നവരുടെഎണ്ണവും ദിനംപ്രതികൂടിവരികയാണ്. കൂടിച്ചേരലുകള്‍ക്ക് പൊതുവേദിയൊരുക്കുകയാണ് ഇതിന് പരിഹാരം. അതിലൂടെ പരിഹാരം കണ്ടെത്താനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വികസിതമായ സംസ്‌ക്കാരവും മാനവികതയും ഉണ്ടാകുന്നതിലൂടെ മാത്രമേ വികസിത നാടെന്ന സങ്കല്‍പ്പം പൂര്‍ത്തിയാവൂ.

നവോത്ഥാന മൂല്യങ്ങളുടെ നല്ല വശങ്ങള്‍ നിലനില്‍ക്കുന്ന കേരളത്തിന് നല്ല കൂടിച്ചേരലുകള്‍ക്ക് വേദിയാവാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ കെ എസ് മധുസൂദനന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. എ പി അഹമ്മദ് മാഷ്, എം പി രാജീവ്, കമല സദാനന്ദന്‍, കെ നാരായണന്‍, ഇ സി സുരേഷ് എന്നിവര്‍ സംബന്ധിച്ചു.

