ബാലസാഹിത്യകാരന്‍ പി മധുസൂദനന്‍ അന്തരിച്ചു

പെരുമ്പാവൂര്‍; പ്രശസ്ത ബാലസാഹിത്യകാരനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പെരുമ്പാവൂര്‍ മേഖലക്കമ്മിറ്റി അംഗവുമായ പി മധുസൂദനന്‍ അന്തരിച്ചു. തിങ്കളാഴ്‌ചയായിരുന്നു അന്ത്യം. ശാസ്‌ത്രചിന്തയും കാവ്യഭംഗിയും ഒത്തിണങ്ങിയ കവിതകളിലൂടെ ശ്രദ്ധേയനാണ് കവി പി മധുസൂദനന്‍. കുട്ടികളില്‍ ശാസ്‌ത്രബോധം വളര്‍ത്താനുതകുന്നതായിരുന്നു അദ്ദേഹത്തിന്റെ കുഞ്ഞുകവിതകള്‍. പ്രപഞ്ചവും കാലവും, അതിന്നുമപ്പുറമെന്താണ്?
മുക്കുറ്റിപ്പൂവിന്റെ ആകാശം, ഞാനിവിടെയുണ്ട്, ഭൂമി പാടുന്ന ശീലുകള്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനകൃതികള്‍. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുരസ്‌കാരം നേടിയ ‘അതിന്നുമപ്പുറമെന്താണ്’ എന്ന കവിത യുപി വിഭാഗം മലയാള പാഠാവലിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അബുദാബി ശക്തി അവാര്‍ഡ് ഉള്‍പ്പെടെ മറ്റ് നിരവധി പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.

വളയന്‍ചിറങ്ങര അരിമ്പാശേരി വീട്ടില്‍ ആദ്യ കാല കമ്യൂണിസ്റ്റ് നേതാവ് കെ പി പടനായരുടേയും ശാന്തയുടേയും മകനാണ്. ശ്രീമൂലനഗരം ഹൈസ്കൂളില്‍ നിന്നും ഹെഡ്മാസ്റ്ററായി റിട്ടയര്‍ ചെയ്തു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ഗ്രന്ഥശാലാ സംഘം, പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. പരിഷത്ത് കലാജാഥകളിലെ കവിതകളും പാട്ടുകളും ഏറെയും മാഷിന്റേതായിരുന്നു. ബാലസംഘത്തിന്റെ പരിപാടികളിലും മധു മാഷ് സജീവ സാന്നിദ്ധ്യമായിരുന്നു.

മൃതദേഹം ഇന്ന് രാവിലെ ഒന്‍പതിന് വളയന്‍ചിറങ്ങര വിഎന്‍കെപി വായനശാലയില്‍ പൊതുദര്‍ശനത്തിനുവെക്കും. സംസ്കാരം പകല്‍ രണ്ടിന് പെരുമ്ബാവൂരിനടുത്തുള്ള ഒക്കലിലെ വീട്ടുവളപ്പില്‍. ഭാര്യ: ശ്രീകല. മകള്‍: നന്ദന. മകന്‍: ശ്രീജിത്ത്.

