വയനാട്ടില്‍ വിഷമദ്യം കഴിച്ച് മന്ത്രവാദിയും മകനും ഉള്‍പ്പെടെ മൂന്നുപേര്‍ മരിക്കാനിടയായ സംഭവം; പ്രതി പിടിയില്‍

വയനാട്: വിഷമദ്യം കഴിച്ച് വയനാട്ടില്‍ മന്ത്രവാദിയും മകനും ഉള്‍പ്പെടെ മൂന്നുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതി പിടിയില്‍. മാനന്തവാടി സ്വദേശി സന്തോഷ് ആണ് അറസ്റ്റിലായത്. ആളുമാറിയാണ് പ്രതി കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. വെള്ളമുണ്ട മൊതക്കരയ്ക്കു സമീപം കൊച്ചറ കാവുംകുന്ന് കോളനിയിലെ മന്ത്രവാദിയായ തികിനായി (75), മകന്‍ പ്രമോദ് (30), മരുമകന്‍ പ്രസാദ് (35) എന്നിവര്‍ മരിച്ച സംഭവത്തിലാണ് പ്രതി പിടിയിലായത്.
സംഭവദിവസം തികിനായിയുടെ വീട്ടില്‍ മന്ത്രവാദം ചെയ്യിക്കാനെത്തിയ സജിത്കുമാറിനെ കൊല്ലുന്നതിനായി പ്രതി സന്തോഷ് നല്‍കിയ മദ്യം വിഷം കലര്‍ത്തിയതാണെന്ന് അറിയാതെ തികിനായി കുടിക്കുകയായിരുന്നു. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നാണു സന്തോഷ് സജിത്തിനു വിഷം നല്‍കിയത്. എന്നാല്‍ ഇതേപ്പറ്റി അറിയാതിരുന്ന സജിത് മദ്യം മന്ത്രവാദിക്കു നല്‍കുകയായിരുന്നു.

സയനൈഡ് പോലുള്ള മാരകവിഷം മദ്യത്തില്‍ കലര്‍ത്തിയിരുന്നുവെന്നു പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ മദ്യത്തില്‍ വിഷം കലര്‍ത്തിയ കാര്യം അറിവില്ലാതിരുന്നതിനാല്‍ സജിത്തിനെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. മാനന്തവാടിയില്‍ സ്വര്‍ണപ്പണിക്കാരനായ സന്തോഷ് ഇവിടെ വാടകയ്ക്കാണു താമസം. സ്വര്‍ണക്കടയിലെ ആവശ്യങ്ങള്‍ക്ക് വെച്ചിരുന്ന സയനൈഡ് ആണ് പ്രതി മദ്യത്തില്‍ കലര്‍ത്തിയത്.

സന്തോഷും സജിത് കുമാറും തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് മൂന്നുപേരുടെ മരണത്തിലേക്കു നയിച്ചത്. സന്തോഷിന്റെ പെങ്ങളുടെ ഭര്‍ത്താവ് രണ്ടു വര്‍ഷം മുന്‍പ് ജീവനൊടുക്കിയിരുന്നു. ഇതിനു പിന്നില്‍ സജിത് കുമാറാണെന്നുള്ള ആരോപണമുയര്‍ന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. ബന്ധു ജീവനൊടുക്കിയതിനു പിന്നില്‍ സജിത് കുമാറാണെന്ന ഡയറിക്കുറിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സന്തോഷ് സജിത്തിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വയനാട് സ്‌പെഷല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈഎസ്പി കുബേരന്‍ നമ്പൂതിരി പറഞ്ഞു.

മന്ത്രവാദം കഴിപ്പിക്കാനെത്തിയ ആള്‍ നല്‍കിയ മദ്യം കഴിച്ച തികിനായി അവശനിലയിലാകുകയും തുടര്‍ന്ന് ബന്ധുക്കള്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വഴി മധ്യേ ഇയാള്‍ മരിച്ചു. എന്നാല്‍ വാര്‍ധക്യസഹജമായ അസുഖം അലട്ടിയിരുന്നതിനാല്‍ ഇതായിരിക്കും മരണകാരണമെന്നാണ് ബന്ധുക്കള്‍ കരുതിയിരുന്നത്. മൃതദേഹം പിറ്റേന്ന് രാവിലെ സംസ്‌ക്കരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
തുടര്‍ന്ന് മൃതദേഹം ആശുപത്രിയില്‍നിന്നു വീട്ടിലെത്തിച്ചശേഷം അവശേഷിച്ച മദ്യവുമായി പ്രമോദ് അമ്മ ഭാരതിയുടെ സഹോദരന്റെ മകനായ പ്രസാദിന്റെ വീട്ടിലെത്തി. അവിടെവച്ച് മറ്റൊരു ബന്ധുവായ ഷാജുവും ഒപ്പംകൂടി. രണ്ടു ഗ്ലാസേ ഉണ്ടായിരുന്നുള്ളൂവെന്നതിനാല്‍ പ്രമോദും പ്രസാദും ആദ്യം മദ്യപിച്ചു. മദ്യം അകത്തുചെന്നയുടന്‍ തന്നെ പ്രമോദ്, ഇതു കഴിക്കരുത്, എന്തോ കലര്‍ത്തിയിട്ടുണ്ടെന്നു പറഞ്ഞ് ഒരു ഗ്ലാസിലെ മദ്യം തട്ടിക്കളഞ്ഞു.
അതിനിടയില്‍, പ്രസാദ് മറ്റൊരു ഗ്ലാസില്‍ മദ്യം അകത്താക്കിയിരുന്നു. പ്രമോദ് മദ്യം തട്ടിക്കളഞ്ഞിരുന്നതിനാല്‍ ഷാജുവിന് കഴിക്കാന്‍ കഴിഞ്ഞില്ല. രണ്ടു പേരും പിടയുന്നതു കണ്ട ഷാജു ഉടന്‍ തന്നെ വിവരം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. മൂവരും മദ്യം അകത്തുചെന്ന് അധികം വൈകാതെ തന്നെ മരിച്ചു. കണ്ണ് തള്ളിയനിലയിലാണെന്നതു സയനൈഡ് ഉള്ളില്‍ച്ചെന്നതിന്റെ തെളിവായാണ് അന്വേഷണസംഘം കാണുന്നത്.
മകള്‍ക്കു ചരടുകെട്ടി പൂജ നടത്താനാണു സജിത്കുമാര്‍ സുഹൃത്തായ സന്തോഷിനെയും കൂട്ടി തികിനായിയുടെ അടുത്തെത്തിയത്. മദ്യം കൊടുക്കുന്നതും കഴിക്കുന്നതും മന്ത്രവാദത്തിന്റെ ഭാഗമാണെന്നു പറയപ്പെടുന്നു. പൂജയ്ക്കിടെ മന്ത്രവാദിയും ഭാര്യയും മക്കളും മദ്യം കഴിക്കണമെന്ന കീഴ്‌വഴക്കവും ഉണ്ടത്രെ. ഗാന്ധിജയന്തിയും ഒന്നാം തീയതിയും ഞായറാഴ്ചയും അടുപ്പിച്ചുവന്നതിനാല്‍ എവിടെയും മദ്യം കിട്ടിയില്ല. തുടര്‍ന്നാണു സജിത്കുമാര്‍ സുഹൃത്ത് സന്തോഷിനെ, പട്ടാളക്കാരുടെ ക്വോട്ടയില്‍ എവിടെനിന്നെങ്കിലും മദ്യം കിട്ടുമോ എന്ന് അന്വേഷിക്കാനേല്‍പ്പിച്ചത്.
ഇയാള്‍ക്കു മദ്യം ലഭിച്ചത് കുറ്റിയാടിയില്‍ നിന്നാണെന്നും കര്‍ണാടകയില്‍നിന്നാണെന്നും വാദമുണ്ടെങ്കിലും ഉറപ്പായിട്ടില്ല. 375 മില്ലി മദ്യമാണ് കൊണ്ടുവന്നത്. എന്നാല്‍ നേരത്തെ തന്നെ ഇതിന്റെ അടപ്പ് തുറന്നിരുന്നതായാണ് വിവരം. തികിനായിയെ കൊലപ്പെടുത്താന്‍ വൈരാഗ്യമുള്ള ശത്രുക്കള്‍ ആരുമില്ലെന്നു നാട്ടുകാരും പറഞ്ഞിരുന്നു. ഇതാണ് പോലീസിനെ സംശയത്തിലാക്കിയത്.
