കേരളത്തിന്റെ ഐക്യം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ ഐക്യം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി സംശയിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയ്ക്ക് പിന്നില്‍ കേരള സര്‍ക്കാര്‍ അല്ലെന്നും പിണറായി വിജയന് മാധ്യമങ്ങളോട് പറഞ്ഞു. പ്രളയകാലത്തു കണ്ട മതേതര ഐക്യത്തിന് കാരണം കേരളത്തില്‍ ഉയര്‍ന്നുവന്ന നവോത്ഥാന പ്രസ്ഥാനങ്ങളാണ്.
ഈ പ്രസ്ഥാനങ്ങള്‍ക്ക് മുമ്ബുള്ള കാലം ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദന് വിശേഷിപ്പിച്ചത്ര അധപ്പതിച്ച ദുരാചാരങ്ങള്‍ നിറഞ്ഞതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 1991ലെ ശബരിമല വിധി വന്നത് സര്‍ക്കാരിന്റെ ഏതെങ്കിലും ഇടപെടല്‍ മൂലമല്ല. ഇപ്പോഴത്തെ സുപ്രീം കോടതി വിധിയും സര്‍ക്കാര്‍ ഇടപെട്ടതല്ല. 1991ലെ വിധിക്ക് കാരണം എസ് മഹേന്ദ്രേന്‍ എന്ന വ്യക്തി ഹൈക്കോടതി ജഡിജിക്കയച്ച കത്താണ് .

കത്ത് പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിച്ച കോടതി ശബരിമലയില്‍ 10 നും 50 നും ഇടയില്‍ സ്ത്രീകള്‍ കയറുന്നത് വിലക്കി ഉത്തരവിട്ടു. അല്ലാതെ ഈ വിഷയം കോടതിയിലെത്തിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടലുകളല്ല കാരണമായത്. സുപ്രീം കോടതി വിധി എന്തായാലും നടപ്പാക്കുമെന്നതാണ് സര്‍ക്കാര്‍ നയം. ഇത് സര്‍ക്കാര്‍ അനുസരിക്കുകയാണ് ചെയ്തത്. ശബരിമലയില്‍ വിഷയത്തില്‍ റിവ്യൂ പെറ്റീഷന് നല്കുന്നതില് എന്താണ് പ്രയോജനമെന്നും മുഖ്യമന്ത്രി ചോദിച്ചു.

