കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബര്‍ ഒമ്പതിന് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് പുതുജീവന്‍ നല്കി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബര്‍ ഒമ്പതിന് ഉദ്ഘാടനം ചെയ്യും. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിച്ചതിന് പിന്നാലെയാണ് ഉദ്ഘാടനം തീരുമാനിച്ചത്. വിമാനത്താവളത്തിലെ റണ്‍വേയുടെ ദൈര്‍ഘ്യം 3050 മീറ്ററില്‍ നിന്ന് 4000 മീറ്ററാക്കി ഉയര്‍ത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് കഴിഞ്ഞ ദിവസമാണ് അന്തിമ അനുമതി ലഭിച്ചത്. പരീക്ഷണ പറക്കല്‍ വിജയമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഏറോഡ്രാം ലൈസന്‍സ് അനുവദിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ഉത്തരവ് പുറപ്പെടുവിച്ചത്. റണ്‍വേ, റണ്‍വേ ലൈറ്റ്, ഏപ്രണ്‍, ഡി.വി.ഒ.ആര്, ഐസൊലേഷന്‍ ബേ, ഇലക്ട്രിക്കല്‍ ആന്‍ഡ് ലൈറ്റിനിങ് സംവിധാനം, ഫയര്‍ സ്റ്റേഷന് തുടങ്ങിയവ വിശദമായി പരിശോധിച്ച ശേഷമാണ് ലൈസന്‍സ് ലഭിച്ചത്. വിമാനത്താവളവുമായി ബന്ധപ്പെട്ട് മറ്റെല്ലാ പരിശോധനകളും നേരത്തെ തന്നെ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.

