പോളിയോ വാക്സിനുകളില്‍ ടൈപ് 2 പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തി

ഡല്‍ഹി: സാര്‍വത്രിക രോഗപ്രതിരോധ പരിപാടിയുടെ ഭാഗമായി സ്വകാര്യ മരുന്നുനിര്മാണക്കമ്പനിയായ ബയോമെഡ് നല്കിയ പോളിയോ വാക്സിനുകളില്‍ ടൈപ് 2 പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തി. ഒന്നര ലക്ഷം തുള്ളിമരുന്ന് കുപ്പികള്‍ ഉള്‍പ്പെടുന്ന മൂന്ന് ബാച്ച് വാക്സിനുകളിലാണ് ഇവ കണ്ടെത്തിയത്. വേണ്ടത്ര പരിശോധന നടത്താതെ ആരോഗ്യമന്ത്രാലയം വാക്സിനുകള്‍ വിതരണം ചെയ്തതിനാല്‍ രാജ്യത്ത് പോളിയോയുടെ തിരിച്ചുവരവുണ്ടാകുമോയെന്ന ആശങ്കയിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. ഏറെ നാളത്തെ ആസൂത്രണത്തിലൂടെ കൈവരിച്ച പോളിയോ വിമുക്തരാജ്യമെന്ന നേട്ടവും കേന്ദ്ര അനാസ്ഥ കാരണം നഷ്ടപ്പെട്ടേക്കും.
ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിലാണ് പോളിയോ വൈറസ് കലര്‍ന്ന വാക്സിനുകള്‍ വിതരണം ചെയ്തത്. 2016 ഏപ്രിലിനുശേഷം ജനിച്ച കുട്ടികള്‍ക്ക് ടൈപ് 2 വൈറസുകളോട് പ്രതിരോധമുണ്ടാകില്ലെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ഗാസിയാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മരുന്നു നിര്മാണക്കമ്ബനിയാണ് ബയോമെഡ്. കമ്ബനിയുടെ എംഡിയെ വ്യാഴാഴ്ച അറസ്റ്റുചെയ്തു. നാല് ഡയറക്ടര്‍മാര്‍ ഒളിവിലാണ്. കമ്ബനിക്കെതിരെ ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ കേസെടുത്തു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ മരുന്നുനിര്‍മാണം നിര്‍ത്തിവയ്ക്കാനും നിര്‍ദേശം നല്കി. .

ടൈപ് 2 വൈറസിനാല്‍ മലിനമാക്കപ്പെട്ട വാക്സിനുകള്‍ എങ്ങനെ വിതരണം ചെയ്തെന്ന് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. മലിനമാക്കപ്പെട്ട വാക്സിന് സ്വീകരിച്ച കുട്ടികളുടെ മലത്തിലൂടെ വൈറസ് പുറത്തെത്തും. വെള്ളത്തിലൂടെയോ മറ്റോ വൈറസുകള്‍ പടര്‍ന്നാല്‍ പോളിയോ വീണ്ടും പടര്‍ന്നുപിടിക്കും. വൈറസിന്റെ രൂപമാറ്റമുണ്ടാകുമോയെന്ന ആശങ്കയുമുണ്ട്. .

