KOYILANDY DIARY.COM

The Perfect News Portal

നവകേരള സൃഷ്ടിക്കായി നടത്തുന്ന ധനസമാഹരണ യജ്ഞത്തിന് മികച്ച പ്രതികരണം

തിരുവനന്തപുരം : പ്രളയം തകര്‍ത്ത കേരളത്തെ പുനസൃഷ്ടിക്കാനായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്ന ധനസമാഹരണ യജ്ഞത്തിന് ലഭിക്കുന്നത് മികച്ച പ്രതികരണം. വിദ്യാര്‍ത്ഥികള്‍ കുടുക്കയിലെ പണവുമായെത്തി സ്നേഹത്തിന്റെ പ്രതിനിധികളാവുമ്പോള്‍ പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് വീടു വയ്ക്കുന്നതിന് സ്ഥലം ദാനം ചെയ്ത് കരുണ കാട്ടിയതും നിരവധി പേര്‍. വിവിധ സംഘടനകള്‍, വ്യക്തികള്‍, കച്ചവടക്കാര്‍, സ്ഥാപനങ്ങള്‍ എന്നിവരെല്ലാം കേരള പുനസൃഷ്ടിക്കായി കൈകോര്‍ക്കുന്ന കാഴ്ചയാണ്.

മൂവാറ്റുപുഴ താലൂക്കില്‍ മുന്‍ സൈനികനായ ജിമ്മി ജോര്‍ജ് വീടു വയ്ക്കാ നായി വാങ്ങിയ 16.5 സെന്റ്, ഒറ്റപ്പാലത്ത് ഒരേക്കര്‍ പത്ത് സെന്റ് നല്‍കി അബ്ദുള്‍ ഹാജി, ആകെയുള്ള പത്ത് സെന്റില്‍ അഞ്ചും നല്‍കി പാലക്കാട് സ്വദേശി ശ്രീധരന്‍ നമ്ബൂതിരിപ്പാടും ഭാര്യ മിനിയും പത്ത് സെന്റ് നല്‍കി കൊല്ലം പവിത്രേശ്വരം പി. ഗോപാലകൃഷ്ണപിള്ളയും രാധാകൃഷ്ണപിള്ളയും അഞ്ച് സെന്റ് ഭൂമി നല്‍കി സുല്‍ത്താന്‍ ബത്തേരി സ്വദേശി കെ. ജെ. ദേവസ്യ, 19.5 സെന്റ് സ്ഥലം നല്‍കി അമ്ബലവയലിലെ കര്‍ഷകനായ എം. പി. വില്‍സണ്‍, 60 സെന്റ് നല്‍കിയ കോട്ടയം മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ 3 യൂണിറ്റ് മേധാവി കൊച്ചുമറ്റത്തില്‍ ഡോ. എം. സി. ടോമിച്ചന്‍ തുടങ്ങി ഭൂമി ദാനം ചെയ്തത് നിരവധി പേരാണ്.

കേരളത്തിന് സഹായവുമായി സ്വന്തം മോഹങ്ങള്‍ മാറ്റി വച്ച്‌ കുഞ്ഞു കുടുക്കകളുമായി കുഞ്ഞുങ്ങളുമെത്തി. ജില്ലകളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന ധനസമാഹരണ യജ്ഞത്തില്‍ കുടുക്കകളുമായി മിക്കവരും നേരിട്ടെത്തി. ചിലര്‍ വിഷുകൈനീട്ടം നല്‍കി, മറ്റു ചിലര്‍ വയലിനും സൈക്കിളും പട്ടിക്കുട്ടിയെയുമൊക്കെ വാങ്ങാനായി കുടുക്കയില്‍ സ്വരൂപിച്ച പണം നല്‍കി. ഇരുകൈകളുമില്ലാത്ത പാലക്കാട് സ്വദേശിയായ പ്രണവ് കാലുകള്‍ കൊണ്ടു വരച്ച ചിത്രങ്ങള്‍ വിറ്റു കിട്ടിയ 5000 രൂപയാണ് നല്‍കിയത്.

Advertisements

മലപ്പുറം മണ്ണഴി എ. യു. പി സ്‌കൂളിലെ സ്നേഹ കൃഷ്ണ ലംപ്സം ഗ്രാന്റായി ലഭിച്ച 2650 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. മലപ്പുറം കോട്ടപ്പുറം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ 15 ചാക്ക് അരിയാണ് നല്‍കിയത്. പുളിക്കല്‍ വലിയപറമ്ബ് ബ്ളോസം സെക്കണ്ടറി സ്‌കൂളിലെ 30 കുട്ടികള്‍ മലപ്പുറം ജില്ലാ കളക്ടറെ തങ്ങളുടെ കുടുക്ക ഏല്‍പ്പിച്ചു. കരിപ്പൂര്‍ ജി. എല്‍. പി സ്‌കൂളിലെ മൂന്നാം ക്ളാസിലെ ഇരട്ടകളായ നവ്ജ്യോതും നവ്ജിതും സ്‌കോളര്‍ഷിപ്പ് തുകയായ 5000 രൂപയാണ് നല്‍കിയത്. കാന്‍സര്‍ രോഗിയായ പൂക്കോട്ടുംപാടം ജി.എച്ച്‌.എസ്. സ്‌കൂളിലെ എം.കെ. ദേവിക തനിക്കു കിട്ടിയ പെന്‍ഷന്‍ തുകയായ 1000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി.

ആദ്യ കുര്‍ബാനയുടെ സമയത്ത് ബന്ധുക്കള്‍ നല്‍കിയ സ്നേഹ സമ്മാനമായ 10000 രൂപയുമായാണ് പൂക്കോട്ടുമണ്ണ കാര്‍മ്മല്‍ഗിരി ഇംഗ്ലീഷ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ ലോയിഡ് ധനസമാഹരണ വേദിയിലെത്തിയത്.
സ്പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും തങ്ങളാല്‍ കഴിയുന്ന തുക നല്‍കി കേരള പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി. പത്തനംതിട്ട വയലാ വടക്ക് സ്‌കൂള്‍ ഓണാഘോഷത്തിനായി സമാഹരിച്ച തുകയാണ് നല്‍കിയത്.

ആലപ്പുഴ കല്ലുമൂട് ഏഞ്ചല്‍സ് ആര്‍ക്കിലെ വിദ്യാര്‍ഥിയായ ഗായത്രി ധനസമാഹരണ ചടങ്ങിനിടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല ഊരി നല്‍കി. നെഹ്രു ട്രോഫി മത്സരത്തിന്റെ ഭാഗമായി നടത്തിയ വഞ്ചിപ്പാട്ട് മത്സരത്തില്‍ തനിക്ക് ലഭിച്ച ഒന്നാം സമ്മാനത്തുകയാണ് അലീന സന്തോഷ് എന്ന വിദ്യാര്‍ത്ഥി നല്‍കിയത്. ടാബ് വാങ്ങാനായി സ്വരുക്കൂട്ടിയ പണമാണ് ഉമര്‍ അബ്ദുള്ള കൈമാറിയത്. കൈകാലുകള്‍ പൂര്‍ണമായും ചലിപ്പിക്കാനാവാതെ കുഞ്ഞു ശരീരവുമായി കഴിയുന്ന തൃശൂര്‍ സ്വദേശി അരുണ്‍ ക്രിസ്റ്റോ തനിക്കു കലാപ്രകടനങ്ങളില്‍ നിന്നും ലഭിച്ച സമ്മാന തുകയായ 4500 രൂപ പ്രളയബാധിതരെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കി.

സര്‍വതും പ്രളയത്തില്‍ നഷ്ടപ്പെട്ട നിരവധി പേരാണ് നവ കേരള സൃഷ്ടിക്കായി കൈകോര്‍ത്തത്. പ്രളയത്തില്‍ തകര്‍ന്ന ആലപ്പുഴ ചെറുതന പഞ്ചായത്ത് 6.05 ലക്ഷം രൂപയാണ് സമാഹരിച്ച്‌ നല്‍കിയത്. പ്രളയത്തില്‍ വീടുള്‍പ്പടെ നശിച്ച പള്ളിപ്പാട് സ്വദേശി പ്രിയ അഞ്ഞൂറു രൂപയുമായാണ് ധനസമാഹരണ വേദിയിലെത്തിയത്. കണ്ണൂര്‍ ആനക്കുഴി ആദിവാസി കോളനി നിവാസികള്‍ ഓണാഘോഷത്തിനായി സമാഹരിച്ച 20,000 രൂപ നല്‍കി. സ്ഥലം വിറ്റുകിട്ടിയതില്‍ നിന്ന് 50,000 രൂപയാണ് കണ്ണൂര്‍ ആലക്കോട് നരിയമ്ബാറ അമ്മിണി നല്‍കിയത്.

ഗൃഹപ്രവേശന ചടങ്ങില്‍ ലഭിച്ച പത്തു ലക്ഷം രൂപയാണ് കൊല്ലം ഓച്ചിറ സ്വദേശി എന്‍. എ. സലാം നല്‍കിയത്. ക്ഷേമപെന്‍ഷനുകളും ശമ്ബളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധാരാളം പേര്‍ നല്‍കുന്നുണ്ട്. ലോട്ടറി വില്‍പനക്കാര്‍, തട്ടുകടക്കാര്‍ തുടങ്ങി തുച്ഛ വരുമാനക്കാരും കേരളത്തിനായി കൈകോര്‍ക്കുകയാണ്. അംഗപരിമിതര്‍, കര്‍ഷകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ ഈ ഉദ്യമത്തില്‍ പങ്കാളികളാവുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *