പത്തനംതിട്ട ജില്ലയില്‍ ഭൂചലനമുണ്ടായ പഴകുളം മേഖലയില്‍ മന്ത്രിമാർ സന്ദര്‍ശനം നടത്തി

പത്തനംതിട്ട : ഭൂചലനമുണ്ടായ അടൂര്‍ താലൂക്കിലെ പഴകുളം മേഖലയിലെ ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, ധനമന്ത്രി ഡോ. തോമസ് ഐസക്, വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി എന്നിവരുടെ സന്ദര്‍ശനം. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് മന്ത്രിമാര്‍ സ്ഥലം സന്ദര്‍ശിച്ചത്. മന്ത്രി മാത്യു ടി തോമസും മന്ത്രി ഡോ. തോമസ് ഐസക്കും പഴകുളം മേഖലയിലെ വീടുകളും മന്ത്രി എം.എം. മണി പള്ളിക്കല്‍ ചിറക്കോണില്‍ ഭാഗത്തെ വീടുകളുമാണ് സന്ദര്‍ശിച്ചത്.
ഭൂചലനവും തുടര്‍ന്നുണ്ടായ നാശനഷ്ടവും സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ മന്ത്രിമാര്‍ നിര്‍ദേശം നല്കി. വീടുകള്‍ സന്ദര്‍ശിച്ച മന്ത്രിമാര്‍ ജനങ്ങളോട് കാര്യങ്ങള്‍ നേരിട്ടു ചോദിച്ചറിഞ്ഞു. ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രിമാര്‍ ഉറപ്പു നല്കി. റവന്യുവകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം സര്‍ക്കാര്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. ഭൂചലനത്തില്‍ കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ എന്‍ജിനിയര്‍മാരെ നിയോഗിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാരിലേക്കു നല്കാന് പള്ളിക്കല്‍, പാലമേല്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് ധനമന്ത്രി ഡോ. തോമസ് ഐസക് നിര്‍ദേശം നല്കി.

ഭൂചലനത്തെപ്പറ്റി പഠനം നടത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി പറഞ്ഞു. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിമാരെ സ്ഥലം സന്ദര്‍ശിക്കുന്നതിനു നിയോഗിച്ചത്. റിപ്പോര്‍ട്ട് തയാറാക്കുന്നതിന്റെ ഭാഗമായി പള്ളിക്കല്‍, പാലമേല്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും എന്‍ജിനിയര്‍മാരുടെയും യോഗം പള്ളിക്കല്‍ പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന് പ്രാഥമിക വിലയിരുത്തല്‍ നടത്തി.

പാലമേല്‍ പഞ്ചായത്ത് പ്രസിഡന്റ് ഓമന വിജയന്, പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ജി. പ്രസന്നകുമാരി, വൈസ് പ്രസിഡന്റ് എ.പി. സന്തോഷ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് എ.ടി. രാധാകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു. പള്ളിക്കല്‍, പാലമേല്‍ പഞ്ചായത്തുകളില്‍ ബുധനാഴ്ച രാവിലെ 10.30നും 10.40നും ഇടയിലാണ് വലിയ ശബ്ദത്തോടെയുണ്ടായ ഭൂചലനത്തില്‍ നിരവധി വീടുകള്‍ക്ക് വിള്ളല്‍ ഉള്‍പ്പെടെ നാശനഷ്ടങ്ങള്‍ സംഭവിച്ചു.

ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, ജില്ലാ പഞ്ചായത്തംഗം ടി. മുരുകേഷ്, പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ജി. പ്രസന്നകുമാരി, പി.ബി. ഹര്‍ഷകുമാര്‍, എസ്. മനോജ്, എസ്. രാജീവ്, ബി. നിസാം, അടൂര്‍ ജയന്, ഡി. സജി. എ.പി. സന്തോഷ്, ഷൈജു വലിയവിളയില്‍, തട്ടത്തില്‍ ബദറുദീന്‍, അരുണ്‍ കെഎസ് മണ്ണടി തുടങ്ങിയവരും മന്ത്രിമാര്‍ക്കൊപ്പം സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
