മീശ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

ഡല്‍ഹി: വിവാദ നോവലായ മീശ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനാകില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. കോടതി വിധി വന്നതിന് പിന്നാലെ എസ്. ഹരീഷ് പ്രതികരണം അറിയിച്ചിരുന്നു. വിധിയില്‍ സന്തോഷിക്കുന്നുവെന്നും ഭരണഘടനയിലും നിയമ സംവിധാനത്തിലും വിശ്വാസമുണ്ടെന്നും എസ്. ഹരീഷ് പറഞ്ഞു.
മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ എസ്. ഹരിഷ് എഴുതിയ നോവലായ മീശ പ്രസിദ്ധീകരണം ആരംഭിച്ച് ഏതാനും നാളുകള്‍ക്കകം വിവാദം പുകഞ്ഞ് തുടങ്ങിയിരുന്നു. സ്ത്രീകളുടെ ക്ഷേത്ര സന്ദര്‍ശനം സംബന്ധിച്ച സംഭാഷണത്തിലേര്‍പ്പെടുന്ന കഥാപാത്രത്തെ സൃഷ്ടിച്ചതിന് നോവലിസ്റ്റ് എസ് ഹരീഷിനും ഭാര്യയ്ക്കും നേരെ സംഘപരിവാരിന്റെ സൈബര്‍ ആക്രമണമുണ്ടായതാണ് ആദ്യ സംഭവം. ആക്രമണവും ഭീഷണിയും അസഹ്യമായതിനെ തുടര്‍ന്ന് ഹരീഷിന് ഫേസ്ബുക്ക് പേജ് ഡിആക്റ്റിവേറ്റ് ചെയ്യേണ്ടി വന്നു. തുടര്‍ന്ന് ഹരീഷിന്റെ ഭാര്യയുടെ ഫേസ്ബുക്ക് കണ്ടെത്തി ആളുകള്‍ അസഭ്യ വര്‍ഷം ആരംഭിച്ചു.

സംഭവത്തില്‍ സംഘികളുടെ സൈബര്‍ ആക്രമണം കടുത്തതോടെ നോവല്‍ പിന്‍വലിക്കുന്നതായി എസ് ഹരീഷ് അറിയിച്ചു. അതേസമയം നോവല്‍ പ്രസിദ്ധീകരിച്ച് പോന്ന മാതൃഭൂമിയിലെ സംഘപരിവാര്‍ അനുകൂലികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നോവല്‍ പിന്‍വലിച്ചതെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ച് തുടങ്ങി. ഇതോടെ തങ്ങള്‍ സ്വീകരിച്ച നിലപാട് എന്താണെന്ന് മാതൃഭൂമി വെളിപ്പെടുത്തിയിരുന്നു. ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നു എന്ന് ആരോപിച്ചാണ് എഴുത്തുകാരന് എസ് ഹരീഷിന്റെ ‘മീശ’ എന്ന നോവലിന് നേരെ ഹിന്ദു വര്‍ഗീയവാദികള്‍ ആക്രമണം നടത്തിയത്.

നോവലിന്റെ രണ്ടാമത്തെ ലക്കത്തില്‍ ക്ഷേത്ര സന്ദര്‍ശനവുമായി ബന്ധപ്പെട്ട് രണ്ട് കഥാപാത്രങ്ങള്‍ നടത്തുന്ന സംഭാഷണമാണ് സംഘപരിവാറിനെ ചൊടിപ്പിച്ചത്. ഇതോടെ മാതൃഭൂമി അഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച് വരികയായിരുന്ന നോവലിനെതിരെ വന്‍ വര്‍ഗീയ ആക്രമണം നടക്കുകയായിരുന്നു.

