സമ്പാദ്യ പദ്ധതിയിലെ മുഴുവൻ തുകയും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി രണ്ടാം ക്ലാസ് വിദ്യാർത്ഥി

കൊയിലാണ്ടി; ചിങ്ങപുരം വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി രണ്ട് വർഷമായി സഞ്ചയിക സമ്പാദ്യ പദ്ധതിയിൽ നിക്ഷേപിച്ച് വരുന്ന തുക മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മാതൃകയായി.
ഓണാവധി കഴിഞ്ഞ് സ്കൂളിലെത്തിയപ്പോൾ ക്ലാസ് ടീച്ചർ ദുരന്തമുഖത്തെ ഭീതിജനകമായ വീഡിയോകളും, പത്രവാർത്തകളും ക്ലാസിൽ കാണിക്കുകയും ഈ ദുരന്തത്തിന്റെ ആഴം കുട്ടികളുമായി ചർച്ച ചെയ്യുകയും ചെയ്തിരുന്നു, ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അനിരുദ്ധ് തന്റെ സമ്പാദ്യം മുഴുവനും ദുരിതബാധിതർക്കായി നൽകാനുള്ള തീരുമാനം മാതാപിതാക്കളെ അറിയിക്കുകയും, അവരുടെ സമ്മതത്തോടെ തുക കൈമാറുകയുമായിരുന്നു. ഏവർക്കും മാതൃകയായി മാറിയ അനിരുദ്ധിനെ പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്തും, സഹപാഠികളും അനുമോദിച്ചു.
പി.ടി.എ.പ്രസിഡൻറ് എൻ.ശ്രീഷ്ന തുക ഏറ്റുവാങ്ങി. എം.പി.ടി.എ.ചെയർപെഴ്സൺ വി.എം.സജിത, സ്കൂൾ ലീഡർ ഹൈഫ ഖദീജ എന്നിവർ പങ്കെടുത്തു.
