KOYILANDY DIARY.COM

The Perfect News Portal

കുടിവെള്ള പദ്ധതിക്ക് ജലസംഭരണി നിർമ്മിക്കാൻ ഇറിഗേഷൻ വകുപ്പിന്റെ അനുമതിയായി

കൊയിലാണ്ടി: കിഫ്ബിയിലൂടെ സംസ്ഥാന സർക്കാർ മണ്ഡലത്തിലേക്കായി അനുവദിച്ച 85 കോടിയുടെ കുടിവെള്ള പദ്ധതിക്കായി ജലസംഭരണി നിർമ്മിക്കാർ സ്ഥലം അനുവദിച്ചു കിട്ടി. കെ.ദാസൻ. എം.എൽ.എ നേരിട്ട് ഇടപെട്ടാണ് വേഗത്തിൽ അനുമതി ലഭ്യമാക്കിയത്.  ജപ്പാൻ കുടിവെള്ള പദ്ധതിയുമായി ലിങ്ക് ചെയ്ത് വെള്ളം എത്തിക്കുന്ന തരത്തിൽ വിഭാവനം ചെയ്ത ഈ വൻ പദ്ധതിയുടെ കൊയിലാണ്ടി മണ്ഡലത്തിലെ മൂന്നാമത്തെ ജലസംഭരണിയാണ് ഇവിടെ നിർമ്മിക്കാൻ പോകുന്നത്.
സിവിൽ സ്റ്റേഷന് മുൻവശത്തായി ദേശീയപാതക്ക് കിഴക്ക് ഭാഗത്ത്  ജലസേചന വകുപ്പിന്റെ കീഴിലുള്ള ജീർണ്ണിച്ച കെട്ടിടവും മരങ്ങളും അടക്കം കാടുപിടിച്ച നിലയിലുള്ള ഭൂമിയിലെ 35 സെന്റ് സ്ഥലമാണ് ഇപ്പോൾ  അനുവദിച്ചു കിട്ടിയത്.  പദ്ധതി പ്രവർത്തനക്ഷമമാവുമ്പോൾ കൊയിലാണ്ടി നഗര പ്രദേശങ്ങളിലേക്കുള്ള കുടിവെള്ളം  ഇവിടെ സംഭരിച്ചാണ് വിതരണം ചെയ്യുക.
23 ലക്ഷം ലിറ്റർ ജലം ഉൾക്കൊള്ളാൻ കഴിയുന്ന കൂറ്റൻ ജലസംഭരണിയാണ് ഇവിടെ നിർമ്മിക്കാൻ പോകുന്നത്.  അടി ഭാഗം വാട്ടർ അതോറിറ്റിയുടെ കൊയിലാണ്ടി സബ്ഡിവിഷൻ ഓഫീസായി ഉപയോഗിക്കാവുന്ന തരത്തിലാണ് ജലസംഭരണി നിർമ്മിക്കുക.  ഇതിലേക്കുള്ള വെള്ളം എത്തിക്കാനുള്ള പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പ്രവൃത്തികളാണ് ഇപ്പോൾ നടന്നു വരുന്നത്.  മഴ കാരണം പെരുവട്ടൂർ റോഡിൽ വരെയാണ് പൈപ്പുകൾ സ്ഥാപിച്ചത്.
തുടർന്ന് കനാൽ വഴി കൊയിലാണ്ടി ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തൂടെ വന്ന് റെയിൽവെ ട്രാക്ക് ക്രോസ് ചെയ്ത് ദേശീയ പാതയിൽ പോലീസ് സ്റ്റേഷന് മുന്നിലൂടെ കടന്നു വന്നാണ് ടാങ്കിലേക്ക് വെള്ളം എത്തിക്കുന്നത്.  ഇതിൽ റെയിൽവെയുടെ അനുമതിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ദ്രുത ഗതിയിൽ നടന്നു വരുന്നുണ്ട്.  സ്ഥലം അനുവദിച്ചു കിട്ടിയതിനാൽ  ടാങ്ക് നിർമ്മാണ പ്രവൃത്തികളും ബാക്കിയുള്ള പൈപ്പ് ലൈൻ വലിക്കൽ പ്രവൃത്തികളും ഉടൻ തന്നെ ആരംഭിക്കുമെന്ന് പ്രൊജക്ട് എഞ്ചിനീയർമാർ അറിയിച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *