ഇരിട്ടിയില്‍ ഉരുള്‍പൊട്ടല്‍: വളയഞ്ചാല്‍ തൂക്കുമരപ്പാലം തകര്‍ന്നു

ഇരിട്ടി: ഇരിട്ടിയില്‍ ഉരുള്‍പൊട്ടല്‍. പുനര്‍നിര്‍മിച്ച ആറളം ഫാം വളയഞ്ചാല്‍ തൂക്കുമരപ്പാലം വീണ്ടും തകര്‍ന്നു. മൂന്നാഴ്ച മുമ്പത്തെ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന് ഒലിച്ചുപോയ പാലം മൂന്നര ദിവസം കൊണ്ട് നന്നാക്കിയിരുന്നു. മലയോരത്തും ആറളം വനത്തിലും അതികഠിനമായി തുടരുന്ന കാലവര്‍ഷത്തില്‍ തുടരെയുള്ള ഉരുള്‍പൊട്ടലിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ ആര്‍ത്തലച്ചൊഴുകുന്ന ചീങ്കണ്ണിപ്പുഴ പാലം ചുഴറ്റിയെറിഞ്ഞത്. തകര്‍ന്ന പാലത്തിന്റെ ഒരു ഭാഗം കരിക്കടിഞ്ഞു. പ്രധാന തൂണുകളും ഉരുള്‍പൊട്ടല്‍ കുത്തൊഴുക്കില്‍ തകര്‍ന്നടിഞ്ഞു.ആറളം ഫാം ആദിവാസി പുനരധിവാസ മേഖല വീണ്ടും കടുത്ത യാത്രാക്ലേശത്തിലായി.
മേഖലയില്‍ നൂറിലധികം വീടുകള്‍ വെള്ളത്തിലായി. ഗതാഗതം പരക്കെ മുടങ്ങി. അയ്യങ്കുന്ന്, ഉളിക്കല്‍, ആറളം പഞ്ചായത്തുകളിലെ മലമടക്കുകളിലെ കുടിയേറ്റ കേന്ദ്രങ്ങളോട് ചേര്‍ന്ന മുപ്പതിടങ്ങളില്‍ ഉരുള്‍പൊട്ടി. ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് മരിച്ച എടപ്പുഴ കീഴങ്ങാനത്തെ ഇമ്മട്ടിയില്‍ ചാക്കോ (80), മരുമകള്‍ ഷൈനി എന്നിവവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പകല്‍ 12 മണിയോടെ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് എടപ്പുഴയിലെത്തിക്കും.

