രാജാജി ഹാളിലേക്ക് പ്രവര്‍ത്തകര്‍ ഇടിച്ചുകയറി; തിക്കിലും തിരക്കിലും 2 മരണം

ചെന്നൈ: ഞായറാഴ്ച വൈകിട്ട് അന്തരിച്ച ഡി.എം.കെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച രാജാജി ഹാളിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ടു പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. തിരക്ക് നിയന്ത്രണാതീതമായതോടെ പോലീസ് പ്രവര്‍ത്തകരെ ലാത്തിവീശി ഓടിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. തിരക്ക് ക്രമാതീതമായതോടെ ഹാളിലേക്കുള്ള പ്രവേശന കവാടത്തില്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതോടെ ഹാളിലേക്ക് പ്രവേശിക്കാനായി പ്രവര്‍ത്തകര്‍ ചുവരിലും മറ്റും കയറാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് പോലീസ് ലാത്തി വീശിയത്. സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും പ്രവര്‍ത്തകര്‍ മറിച്ചിട്ടു. പോലീസ് ലാത്തിവീശിയതോടെ പ്രവര്‍ത്തകര്‍ ചിതറിയോടി.

ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ രാജാജി ഹാളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഹാളിന് പുറത്തും വന്‍ ജനക്കൂട്ടം കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

തിരക്ക് നിയന്ത്രണാതീതമായതോടെ ഡി.എം.കെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ.സ്റ്റാലിന്‍ തന്നെ നേരിട്ട് രംഗത്തെത്തി. അധികാരത്തില്‍ ഇരിക്കുന്നവര്‍ അരാജകത്വം സൃഷ്ടിക്കുകയാണെന്നും അതില്‍ പ്രകോപിതരാകരുതെന്നും സ്റ്റാലിന്‍ പറഞ്ഞു. സമാധാനം ആഗ്രഹിക്കുന്ന പാര്‍ട്ടിയാണ് ഡി.എം.കെ. അതിനാല്‍ പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചു.

