ജസ്‌റ്റിസ് കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കണമെന്ന നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായി സൂചന

ഡല്‍ഹി> ജസ്‌റ്റിസ് കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കണമെന്ന കൊളീജിയം നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായി സൂചന.നിയമനം ഉടന്‍ ഉണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരുടെ പേരുകളും സുപ്രീംകോടതി ജഡ്‌ജിയാകുവാന്‍ അംഗീകരിച്ചു.

ഉത്തരാഖണ്ഡ് ചീഫ് ജസ്‌റ്റിസായ കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്‌ജിയാക്കണമെന്ന് കൊളിജിയം കഴിഞ്ഞ ജനുവരിയില്‍ ശുപാര്‍ശ ചെയതിരുന്നു. എന്നാല്‍ കൊളീജിയം നല്‍കിയ പാനലിലെ ഇന്ദുമല്‍ഹോത്രയെ നിയമിച്ച സര്‍ക്കാന്‍ കെ എം ജോസഫിനെ ഒഴിവാക്കുകയായിരുന്നു. ഇതേറെ കോളിളക്കം സൃഷ്‌ടിച്ചിരുന്നു. ഉന്നത ജുഡീഷ്യറിയിലും കെ എം ജോസഫിന്റെ നിയമനം വൈകുന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.

എപ്രിലില്‍ കൊളീജിയം വീണ്ടും ഇന്ദിര ബാനര്‍ജി, വിനീത് ശരണ്‍ എന്നിവരുടെ പേരുകള്‍ക്കൊപ്പം കെ എം ജോസഫിന്റെ പേര് ശുപാര്‍ശ ചെയ്യുകയായിരുന്നു. ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര ജഡ്‌ജിമാരായ രഞ്‌ജന്‍ ഗൊഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ്, എ കെ സിക്രി എന്നിവടങ്ങിയ കൊളീജിയമാണ് ശുപാര്‍ശ ചെയ്‌തത്. കെ എം ജോസഫിന്റെ പേര് പ്രത്യേകമായാണ് ശുപാര്‍ശ ചെയ്‌തത്.

ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധമെന്നു കണ്ടെത്തി ജസ്റ്റിസ് കെ എം ജോസഫ് റദ്ദാക്കിയിരുന്നു. ഇതിനുള്ള പ്രതികാരനടപടിയായാണ‌് അദ്ദേഹത്തെ സുപ്രീംകോടതിയിലേക്ക് ഉയര്‍ത്താമെന്ന കൊളീജിയം ശുപാര്‍ശ അന്ന് അംഗീകരിക്കാതിരുന്നത്. രാഷ്ട്രപതിക്കും തെറ്റ് സംഭവിക്കാമെന്നും കോടതിക്ക് അത് തിരുത്താനുള്ള അധികാരമുണ്ടെന്നുമുള്ള ജസ്റ്റിസ് കെ എം ജോസഫിന്റെ നിരീക്ഷണം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
സുപ്രീംകോടതിയിലേക്ക് ഉയര്‍ത്തുന്നതിനു മുമ്ബ് ജസ്റ്റിസ് കെ എം ജോസഫിനെ മദ്രാസ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റണമെന്നും കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. ഈ ശുപാര്‍ശയിലും കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നില്ല. നിലവിലുള്ള ഹൈക്കോടതി ചീഫ്ജസ്റ്റിസുമാരില്‍ ഏറ്റവും സീനിയറാണ് ജസ്റ്റിസ് ജോസഫ‌്. ഫെബ്രുവരിയില്‍ കെ എം ജോസഫിനെ ഒഴിവാക്കി കൊളീജിയം അഞ്ച് ജഡ്ജിമാരുടെ ശുപാര്‍ശ നടത്തിയതിനെതിരെ ജസ്റ്റിസ് ചെലമേശ്വര്‍ രംഗത്തെത്തിയിരുന്നു.
