KOYILANDY DIARY.COM

The Perfect News Portal

ശാരികക്ക് സാന്ത്വനവും അനുമോദനവുമായി മേപ്പയ്യൂർ ബളൂമിംഗ് ആർട്സ് ആന്റ് ലൈബ്രറി വനിതാവേദി

കൊയിലാണ്ടി: കീഴരിയൂർ എരയിമ്മൻകണ്ടി  ശശിയുടേയും രാഗിയുടേയും മകൾ ശാരിക ഇത്തവണത്തെ പ്ലസ് ടു പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയിരുന്നു. മേപ്പയ്യൂർ ബ്ളൂമിംഗ് ആർട്സ് ആൻറ് ലൈബ്രറി വനിതാവേദി പ്രവർത്തകർ മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  പി.കെ.റീന യുടെ നേതൃത്വത്തിൽ ശാരികയുടെ വീട്ടിലെത്തി അനുമോദിച്ചു.
ശാരിക എന്ന  പെൺകുട്ടിയുടെ ശാരീരിക അവസ്ഥയറിഞ്ഞാലെ ഈ വിജയത്തിന്റെ പത്തര മാറ്റ് തിളക്കം നമുക്ക് തിരിച്ചറിയാൻ കഴിയുകയുള്ളു.

ജന്മനാ ഉള്ള സെറിബ്രൽ പാർസി രോഗം കാരണം അരക്കു താഴെ ചലന ശേഷിയില്ലാത്ത അവസ്ഥ, വേണ്ടത്ര ചലന ശേഷിയില്ലാത്ത കൈവിരലുകൾ. എന്നിട്ടും ശാരികയെ സ്കൂളിൽ എത്തിച്ചു അച്ഛനും അമ്മയും. എല്ലാ വിധ പ്രോത്സാഹനങ്ങളുമായി അധ്യാപകരും ഒപ്പം നിന്നപ്പോൾ ശാരിക എന്ന കൊച്ചു മിടുക്കി ഓരോ ക്ലാസ്സിലും മികച്ച വിജയം നേടി എല്ലാവരുടേയും  സ്നേഹഭാജനമായി.
ഒന്നു മുതൽ ഏഴുവരെ കണ്ണോത്ത് യു.പി.സ്കൂളിലും, എട്ടാംതരം മുതൽ പ്ലസ്ടു വരെ മേപ്പയൂർ ജി.വി എച്ച് .എസ് സ്കൂളിലുമാണ് ശാരിക പഠിച്ചത്. കീഴരിയൂരിൽ നിന്ന് ആറ് കിലോമീറ്റർ അകലെയുള്ള മേപ്പയൂർ ഹൈസ്കൂളിലേക്ക് ഇക്കാലമത്രയും മുടങ്ങാതെ ശാരികയെ എത്തിക്കുന്നതിൽ വീഴ്ച വരുത്താതെ അമ്മയും അച്ഛനും ഒപ്പം നിന്നപ്പോൾ ഉന്നത വിജയങ്ങൾ ശാരികയെ തേടി വന്നു കൊണ്ടിരുന്നു.
പൂർണ പിന്തുണയുമായി മേപ്പയ്യൂർ ഹൈസ്കൂളിലെ അധ്യാപകരും സഹപാഠികളും കൂടെ നിന്നപ്പോൾ കൈവന്ന ആത്മവിശ്വാസം ശാരികയുടെ ഓരോ വിജയത്തിനും പിൻബലമായി. എപ്പോഴും എത് കാര്യത്തിനും സഹായവുമായി കൂടെ നിന്ന സഹപാഠികളായ അനഘ ശ്രീ, വിഷ്ണുമായ, സിനു ഇവരെ ശാരിക നന്ദിയോടെ സ്മരിക്കുന്നു. അച്ഛനും അമ്മയും നൽകിയ സ്നേഹവും, ലാളനയും, പ്രോത്സാഹനവും, കഠിനാധ്വാനവുമാണ് വിജയത്തിന്റെ പിന്നിലുള്ളതെന്ന് ശാരിക പറയുന്നു. നിറഞ്ഞ പുഞ്ചിരിയോടെ തന്നെ സഹായിച്ച എല്ലാവർക്കും ശാരിക നന്ദി പറയുന്നു. അനുജത്തി ദേവികയും ഒരു നിഴൽ പോലെ കൂട്ടിനുണ്ട്.
മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.പി.കെ.റീന ഉപഹാര സമർപ്പണം നടത്തി. വനിതാ വേദി സെക്രട്ടറി അസ്മ നഹല അധ്യക്ഷത വഹിച്ചു. കെ.കെ.ജമീല, പാലിയേറ്റിവ് വളണ്ടിയറായ സാലിഹ, ബളൂമിംഗ് ആർട്സ് ആന്റ് ലൈബ്രറി പ്രവർത്തകരായ ടി.ചന്ദ്രൻ, വി.കെ.ബാബുരാജ്, സി.നാരായണൻ, എം.കെ.കഞ്ഞമ്മത്, പി.കെ.അബ്ദുറഹമാൻ എന്നിവർ സംസാരിച്ചു.

Attachments area
Share news

Leave a Reply

Your email address will not be published. Required fields are marked *