KOYILANDY DIARY.COM

The Perfect News Portal

വയലാര്‍ സമര സേനാനി ബി.വി പ്രഭാകരന്‍ അന്തരിച്ചു

ആലപ്പു‍ഴ: വയലാര്‍ സമര സേനാനി കളവങ്കോടം പൂജവെളി വീട്ടില്‍ ബി.വി പ്രഭാകരന്‍ അന്തരിച്ചു. സിപിഎെഎം ലോക്കല്‍ സെക്രട്ടറി, കയര്‍ തൊ‍ഴിലാളി യൂണിയന്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തോക്കിന്‍മുനകള്‍ക്കും തോല്‍പ്പിക്കാനാവാത്ത വിപ്ലവ പോരാട്ടത്തിന്‍റെ അടയാളമാണ് എന്നും പുന്നപ്ര-വയലാര്‍. പോരാളികള്‍ക്കും പോരാട്ടങ്ങള്‍ക്കും അത് എക്കാലത്തും പ്രചോദനമാവുന്നൊരു പാഠപുസ്തകമാണ്.

ജന്മിത്വത്തിനും നാടുവാ‍ഴിത്വത്തിനും മുന്നില്‍ ആശയറ്റ് തലകുനിച്ച്‌ നിന്നിരുന്ന ഒരു ജനതയ്ക്ക് പ്രതീക്ഷയുടെ ചുവന്നവെളിച്ചം പകര്‍ന്ന പോരാട്ടമാണ് പുന്നപ്ര-വയസലാര്‍ സമരം. പോരാട്ടങ്ങളുടെ ഓര്‍മകളില്‍ പ‍ഴയ ആ 22 കാരന്‍റെ അതേ ആവേശത്തില്‍ തന്‍റെ 93ാം വയസിലും സമരപോരാളികള്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്ന ചിത്രം ആ പോരാളിയെ അടയാളപ്പെടുത്തുന്നതായിരുന്നു.

ആലപ്പു‍ഴ ജില്ലയിലെ അമ്ബലപ്പു‍ഴ ചേര്‍ത്തല താലൂക്കുകളിലെ കര്‍ഷകര്‍ ജന്മിമാര്‍ക്കെതിരെ നടത്തിയ പോരാട്ടമാണ് പുന്നപ്ര-വയലാര്‍ സമരം. സ്വതന്ത്ര്യ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തി തിരുവിതാംകൂറിനെ പ്രത്യേക രാജ്യമായി നിലനിര്‍ത്താനുള്ള തീരുമാനത്തിനെതിരെയും ഇവര്‍ മുദ്രാവാക്യമുയര്‍ത്തിയിരുന്നു.

Advertisements

കയര്‍തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, എണ്ണയാട്ടു തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, ചെത്തുതൊഴിലാളികള്‍, ബീഡിത്തൊഴിലാളികള്‍ മുതലായവരായിരുന്നു ആലപ്പുഴ, ചേര്‍ത്തല ഭാഗങ്ങളിലെ ജനങ്ങളില്‍ ഭൂരിഭാഗവും.

മുതലാളിമാരുടെയും ജന്മിമാരുടെയും ചൂഷണങ്ങളില്‍പ്പെട്ട് കടുത്ത സാമ്ബത്തിക ക്ലേശങ്ങളില്‍പ്പെട്ടുഴലുന്നവരാ യിരുന്നു ഈ തൊഴിലാളികള്‍. തൊഴിലാളി ചൂഷണങ്ങള്‍ക്കെതിരെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ 12 ഓളം യൂണിയനുകള്‍ രൂപീകരിച്ച്‌ തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കായി പോരാട്ടങ്ങള്‍ ആരംഭിച്ചു.

കര്‍ഷക തൊഴിലാളികളുടെ സംഘശക്തിക്കുമുന്നില്‍ പരാജയപ്പെടുന്നുറപ്പായ അധികാരി വര്‍ഗം ആയുധങ്ങള്‍ കൊണ്ടാണ് സമരത്തെ നേരിട്ടത്. എന്നിട്ടും കര്‍ഷകരുടെ നിശ്ചയ ദാര്‍ഢ്യത്തിനുമുന്നില്‍ അവര്‍ക്ക് പരാജയം സമ്മതിക്കേണ്ടിവന്നു. 1996 ഒക്ടോബര്‍ 24 മുതല്‍ 27 വരെയായിരുന്നു അടിച്ചമര്‍ത്തപ്പെട്ടവന്റെ സ്വപ്‌നങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും ചുവന്ന നിറം നല്‍കിയ പുന്നപ്ര-വയലാര്‍ സമരം.

പുന്നപ്ര വയലാര്‍ സമരകാലത്ത് ചോര തിളയ്ക്കുന്ന 22 കാരന്‍ ആയിരുന്നു പ്രഭാകരന്‍. കളവംകോടം ക്ഷേത്രത്തിനടുത്തുള്ള ക്യാമ്ബില്‍ ആയിരുന്നു. അവിടെ നിന്ന് വാരിക്കുന്തവുമായി വയലാറിലേക്ക് പോയതാണ് . കൂടെയുണ്ടായിരുന്ന ഒട്ടനവധി പേര്‍ കൊല്ലപ്പെട്ടു. പ്രഭാകരന്‍ കസ്റ്റഡിയിലുമായി.

ചേര്‍ത്തല പോലീസ് സ്റ്റേഷനില്‍ മണ്ണില്‍ കുഴി കുഴിച്ച്‌ അതില്‍ ഇല വിരിച്ചായിരുന്നു കസ്റ്റഡിയിലുള്ളവര്‍ക്ക് കഞ്ഞി വീഴ്ത്തി കൊടുത്തിരുന്നത്. അതിലൊരു പോലീസുകാരന്റെ വിനോദം കഞ്ഞി കുടിക്കാന്‍ കുനിയുമ്ബോള്‍ അതില്‍ കുറച്ചു മണ്ണ് വാരി ഇടുക എന്നതായിരൂന്നു.

ഒന്ന് രണ്ടു തവണ പ്രഭാകരന്‍ അപേക്ഷിച്ചു നോക്കി, പക്ഷെ പോലീസുകാരന്‍ തന്‍റെ ക്രൂരവിനോദം തുടര്‍ന്നു. സഹികെട്ട ഒരു ദിവസം ചാടിയെണീറ്റ് കരണകുറ്റിക്ക് അടിച്ചു. അതിനെ തുടര്‍ന്ന് പോലീസുകാര്‍ നടത്തിയ മര്‍ദ്ധനത്തില്‍ താടിയെല്ല് പൊട്ടിയതാണ്, ഇന്നും കോടിയിരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ആയിരുന്നു പിന്നീട് തടവ്‌.

അവസാനകാലത്തും പഴയ കഥകള്‍ പറയുമ്ബോള്‍ പഴയ ആവേശം തിരച്ചു വരും. അവസാനം വരെയും വീര്യം ചോരാത്ത പോരാളിയായിരുന്നു പ്രഭാകരന്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ എന്നും അദ്ദേഹത്തിന് ആവേശമായിരുന്നു. 2016 ലെ പുന്നപ്ര-വയലാര്‍ അനുസ്മരണ വേദിയില്‍ അദ്ദേഹം മു‍ഴക്കിയ മുദ്രാവാക്യം പതിറ്റാണ്ടുകളുടെ പോരാട്ടവീര്യങ്ങളൊക്കെയും ആറ്റിക്കുറുക്കിയവയായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *