KOYILANDY DIARY

The Perfect News Portal

മത്സ്യം കഴിക്കുന്നത്‌ വിഷാദരോഗം അകറ്റും

ഭക്ഷണത്തിൽ മത്സ്യം ഉൾപ്പെടുത്തുന്നത്‌ വിഷാദരോഗം അകറ്റുമെന്ന്‌ പഠനം. യൂറോപ്യൻ ഗവേഷകർ നടത്തിയ പഠനത്തിലാണ്‌ കൂടുതൽ മത്സ്യം കഴിക്കുന്നവരിൽ കുറച്ച്‌ മത്സ്യം കഴിക്കുന്നവരെ അപേക്ഷിച്ച്‌ വിഷാദരോഗത്തിനുള്ള സാധ്യത 17 ശതമാനം കുറയുമെന്ന്‌ കണ്ടെത്തിയത്‌.
മത്സ്യം കഴിക്കുന്ന പുരുഷന്മാരിൽ വിഷാദരോഗ സാധ്യത 20 ശതമാനം കുറയുമ്പോൾ സ്ത്രീകളിൽ 16 ശതമാനമാണ്‌ കുറവുണ്ടാകുന്നത്‌.
മത്സ്യത്തിന്‌ വിഷാദരോഗം കുറയ്ക്കാനാവുമെന്ന്‌ പ്രാഥമിക പഠനത്തിൽ കണ്ടെത്തിയെങ്കിലും ഏത്‌ തരം മത്സ്യങ്ങളാണ്‌ വിഷാദരോഗം അകറ്റുന്നതെന്നതിനെ കുറിച്ച്‌ കൂടുതൽ പഠനം നടക്കേണ്ടതുണ്ടെന്ന്‌ ഗവേഷകർ ജേർണൽ ഓഫ്‌ എപിഡെമിയോളജി ആൻഡ്‌ കമ്മ്യൂണിറ്റി ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
നേരത്തെ നടന്ന പഠനങ്ങളിൽ വിഷാദരോഗത്തിന്‌ ഭക്ഷണവുമായി ബന്ധമുണ്ടെന്ന്‌ കണ്ടെത്തിയിരുന്നെങ്കിലും ഇത്‌ സ്ഥിരീകരിച്ചിരുന്നില്ല. മത്സ്യത്തിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാവാം വിഷാദ രോഗത്തെ അകറ്റാൻ സഹായിക്കുന്നതെന്നാണ്‌ ഗവേഷകരുടെ നിരീക്ഷണം. ലോകത്ത്‌ 350 ദശലക്ഷം ആളുകൾ വിഷാദരോഗികളാണെന്നാണ്‌ കണക്കുകൾ വ്യക്തമാക്കുന്നത്‌.