KOYILANDY DIARY.COM

The Perfect News Portal

എ.ഡി.ജി.പി സുധേഷ് കുമാറിനെ ആംഡ് പൊലീസ് ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് നിന്ന് നീക്കും

തിരുവനന്തപുരം: പൊലീസ് ഡ്രൈവറെ മകള്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് വിവാദത്തിലായ എ.ഡി.ജി.പി സുധേഷ് കുമാറിനെ ആംഡ് പൊലീസ് ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് നിന്ന് നീക്കും. ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിന്റേയോ മറ്റോ തലവനായി ഡെപ്യൂട്ടേഷന്‍ നല്‍കാനാണ് ആലോചന. ഇന്ന് തന്നെ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകും.

അതേസമയം,​ എ.ഡി.ജി.പിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ക്യാന്പ് ഫോളോവേഴ്സ് രംഗത്തെത്തി. എ.ഡി.ജി.പിയുടെ ഭാര്യയും മകളും പീഡിപ്പിച്ചെന്ന് വനിതാ ക്യാന്പ് ഫോളോവര്‍ ആരോപിച്ചു. വീട്ടുജോലിക്കെത്താന്‍ വൈകിയതിന് മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. തന്നെ പട്ടിയെ കൊണ്ട് കടിപ്പിക്കാത്തതിന് എ.ഡി.ജി.പി മറ്റ് ഫോളോവേഴ്സിനെ ശകാരിച്ചെന്നും അവര്‍ ആരോപിച്ചു. തന്നേയും കുടുംബത്തേയും അധിക്ഷേപിച്ച്‌ സംസാരിക്കുന്നതും പതിവായിരുന്നെന്നും ക്യാന്പ് ഫോളോവര്‍ വെളിപ്പെടുത്തി.

ഏതാനും മാസം മുമ്ബ് സുധേഷ് കുമാറിന്റെ വീട്ടിലെത്തിയ തിരുവനന്തപുരം ഡോഗ് സ്ക്വാഡിലെ ഒരു പൊലീസുകാരനെ വളര്‍ത്തുനായ കടിച്ച സംഭവവും വിവാദമായിരുന്നു. തിരുവനന്തപുരം ഡോഗ് സ്ക്വാഡിന്റെ ചുമതലക്കാരനാണ് ഡോഗ് സ്ക്വാഡിലെ പൊലീസുകാരനെ ബറ്റാലിയന്‍ എ.ഡി.ജിപിയുടെ വീട്ടില്‍ ജോലിക്ക് അയച്ചത്. താമസിച്ചതിന്റെ പേരില്‍ ശകാരവും ഭീഷണിയും നേരിട്ട പൊലീസുകാരനെ മൂന്നാം ദിവസമാണ് എ.ഡി.ജി.പിയുടെ വീട്ടിലെ വളര്‍ത്തുനായ കടിച്ചത്. തുടയില്‍ കടിയേറ്റ പൊലീസുകാരന്‍ ദിവസങ്ങളോളം ചികിത്സയിലായിരുന്നെങ്കിലും മേലുദ്യോഗസ്ഥരുടെ സമ്മ‌ര്‍ദ്ദവും ഭീഷണിയും കാരണം പുറം ലോകമറിയാതെ ഒതുക്കുകയായിരുന്നു.

Advertisements

ഓഫീസര്‍മാരെ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ സഹായിക്കുകയാണ് ക്യാമ്ബ് ഫോളോവര്‍മാരുടെ ചുമതലയെങ്കിലും മിക്ക പൊലീസ് ഉന്നതരുടെയും വീട്ടില്‍ വിടുപണിയും വിഴുപ്പലക്കലുമാണ് ഇവരുടെ പണി. ഒരു ദിവസം ഡ്യൂട്ടി ചെയ്താല്‍ അടുത്ത രണ്ട് ദിവസം വിശ്രമിക്കാമെന്നതിലാണ് ക്യാമ്ബ് ഫോളോവര്‍മാരാകാന്‍ പലരും താല്‍പര്യം കാട്ടുന്നത്. ഉന്നത പൊലീസുദ്യോഗസ്ഥരില്‍ മിക്കവരുടെയും വീടുകളില്‍ ഏറ്റവുംകുറഞ്ഞത് അരഡസനിലധികം ക്യാമ്ബ് ഫോളോവര്‍മാരുണ്ട്. ഏതാനും മാസം മുമ്ബ് തലസ്ഥാന ജില്ലയിലെ ഉന്നത പൊലീസുദ്യോഗസ്ഥരുടെ വീട്ടുകളില്‍ വീട്ടുജോലിക്ക് നില്‍ക്കുന്നവരുടെ കണക്ക് ഇന്റലിജന്‍സ് വിഭാഗം ശേഖരിച്ചതോടെ ചില ഓഫീസര്‍മാരുടെ വീടുകളില്‍ നിന്നായി പത്തോളംപേരെ പിന്‍വലിച്ചിരുന്നു. വിവിധ സോണുകളില്‍ നിന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ ക്യാമ്ബ് ഫോളോവര്‍മാരെ തിരഞ്ഞടുക്കുന്നത്. അതിനാല്‍ ഇത് സംബന്ധിച്ച ക്രോഡീകരിച്ച കണക്ക് പൊലീസ് ആസ്ഥാനത്ത് ലഭ്യമാകാറില്ല.

Share news

Leave a Reply

Your email address will not be published. Required fields are marked *