KOYILANDY DIARY.COM

The Perfect News Portal

കാറിന് സൈഡ് കൊടുത്തില്ല: MLAഗണേഷ് കുമാറും സംഘവും മർദ്ദിച്ചതായി പരാതി

അഞ്ചല്‍: കാറിന് സൈഡ് കൊടുക്കുന്ന വിഷയത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എയും ഡ്രൈവറും ചേര്‍ന്നു യുവാവിനെ അമ്മയുടെ മുന്നില്‍ വച്ചു മര്‍ദ്ദിച്ചു അവശനാക്കിയതായി പരാതി. മര്‍ദ്ദനമേറ്റ അനന്തകൃഷ്ണന്‍ (22) എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞാ

ണു സംഭവം. അഞ്ചല്‍ ശബരിഗിരിക്ക് സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എംഎല്‍എ. ഇതേ വീട്ടില്‍നിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. രണ്ട് കാറുകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത ഇടുങ്ങിയ വഴിയിലെത്തിയപ്പോള്‍ എംഎല്‍എയുടെ വാഹനത്തില്‍ നിന്ന് തങ്ങളോട് വണ്ടി പുറകോട്ടെടുക്കാന്‍ ആവശ്യപ്പെട്ടു. എംഎല്‍എയുടെ വാഹനം ഒന്ന് ബ്രേക്ക് ചവിട്ടിയാല്‍ ഇരുകൂട്ടര്‍ക്കും സുഖമായി കടന്നു പോകാമായിരുന്ന വഴിയായിരുന്നു അത്.

എങ്കിലും തങ്ങള്‍ റിവേഴ്‌സെടുത്തു. എംഎല്‍എയുടെ വാഹനം ഒപ്പമെത്തിയപ്പോള്‍ ഇതേക്കുറിച്ച്‌ ചോദിച്ച അമ്മയോട് എംഎല്‍എ അസഭ്യം പറയുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തു എന്നാണ് അനന്തകൃഷ്ണന്റെ പരാതി. പിന്നീട് എംഎല്‍എ ഇറങ്ങിവന്ന് തന്റെ വണ്ടിയുടെ താക്കോല്‍ വലിച്ചൂരാന്‍ ശ്രമിക്കുകയും അത് നടക്കാതെ വന്നപ്പോള്‍ തന്റെ കോളറില്‍ പിടിച്ച്‌ വലിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.

Advertisements

തുടര്‍ന്ന് എംഎല്‍എ കാറില്‍ കയറുകയും ഡ്രൈവര്‍ ഇറങ്ങിവന്ന് മര്‍ദിക്കുകയും ചെയ്തുവെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. അനന്ത കൃഷ്ണനെ അഞ്ചല്‍ ഗവ. ആശുപത്രിയില്‍ പ്രാഥമിക ചികില്‍സയ്ക്കു ശേഷം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എംഎല്‍എയെ ആദ്യമായിട്ടാണ് കാണുന്നതെന്നും മുന്‍ പരിചയമോ മുന്‍ വൈരാഗ്യമോ ഒന്നുമില്ലെന്നും തന്റെ കൈയ്യില്‍ കിടന്ന രാഖിയാണ് അദ്ദേഹത്തെ പ്രകോപിതനാക്കിയതെന്നും താന്‍ ബിജെപിക്കാരനാണെന്നും യുവാവ് വാര്‍ത്താ ചാനലിലൂടെ പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *