ഫുട്ബോൾ ആവേശത്തിൽ കൊയിലാണ്ടിയും

കൊയിലാണ്ടി: ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കാൻ ഏറ്റവും കൂടുതൽ ഫുട്ബോൾ ആരാധകരുടെ നാടായ കൊയിലാണ്ടിയും ഒരുങ്ങി. നാട്ടിലെങ്ങും ബ്രസീൽ, അർജന്റീന ആരാധകർ ഫ്ലക്സ് ബോർഡ് യുദ്ധത്തിലാണ്. കൊടികളും തോരണങ്ങളും കെട്ടി ഫുട്ബോൾ മൽസരത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യൻ ഫുട്ബോളിൽ കൊയിലാണ്ടിയുടെ സംഭാവന ഏറെയാണ്.
മുൻ ഇന്ത്യൻ ഗോൾകീപ്പർ ആത്മാറാം കൊയിലാണ്ടി സ്വദേശിയാണ്. കൂടാതെ സർവ്വീസസിന്റെ കുഞ്ഞിക്കണാരൻ, യൂനിയൻ ബാങ്ക്താരം എൽ.എസ്.ഋഷി ദാസ് തുടങ്ങിയവരും കൊയിലാണ്ടി സ്വദേശികളാണ്. നിപ്പ ബാധയെ തുടർന്ന് ആഘോഷങ്ങളിൽ നിന്നു വിട്ടു നിന്നവർ വൈറസ് ഭീതി ഒഴിഞ്ഞതോടെ വീണ്ടും സജീവമായിരിക്കുകയാണ്. എവിടെയും ലോകകപ്പ് വിശേഷങ്ങളാണ് ചർച്ച.

ബ്രസീലിനും, അർജന്റീനക്കും പുറമെ ഇറ്റലി, ജർമ്മനി, പോർചുഗൽ, ഫ്രാൻസ്, ഉറുഗ്വേ തുടങ്ങിയവയ്ക്കും തെറ്റില്ലാത്ത ആരാധകരുണ്ട്. വാതുവെപ്പും സജീവമായിട്ടുണ്ട്. ലോകകപ്പിന്റെ ഭാഗമായി റെഡിമെയ്ഡ് കടകളിൽ ജയ്സികളുടെ വിൽപ്പന തകൃതിയായി നടക്കുന്നുണ്ട്. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഫുട്ബോൾ ആവേശത്തിലാണ്. കൊയിലാണ്ടിയുടെ തീരപ്രദേശങ്ങൾ ഉൾപ്പെടെ എല്ലാ മേഖലകളിലും ഫുട്ബോൾ ജ്വരം കയറിരിക്കുകയാണ്.

