KOYILANDY DIARY.COM

The Perfect News Portal

ഇരട്ടക്കൊലപാതകം; മുഖ്യപ്രതികളെ പൊലീസിന്‌ പിടികൂടാനായില്ല

ആലപ്പുഴ: ഒറ്റമശേരിയിൽ ലോറിയിടിച്ച്‌ മത്സ്യതൊഴിലാളികളായ രണ്ട്പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതികളിൽ നാലുപേരെ ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസിന്‌ പിടികൂടാനായില്ല. സംഭവത്തിനുശേഷം പിടിയിൽ നിന്ന്‌ രക്ഷപ്പെട്ട ഇവരെ കണ്ടെത്താൻ പൊലീസ്‌ സംസ്ഥാനമൊട്ടുക്ക്‌ തെരച്ചിലാണ്‌.
തീരമേഖലയും പ്രതികളുമായി ബന്ധമുള്ളവരും പൊലീസ്‌ നിരീക്ഷണത്തിലാണ്‌. ഒറ്റമശേരി സ്വദേശികളായ ജോൺസണെയും സുബിനിനെയും വെള്ളിയാഴ്ച വൈകിട്ടാണ്‌ ബൈക്കിൽ ലോറിയിടിപ്പിച്ച്‌ കൊന്നത്‌. തീരദേശ റോഡിൽ ഒറ്റമശേരിയിൽ നടന്ന സംഭവം വാഹനാപകടമെന്നാണ്‌ ആദ്യം കരുതിയിരുന്നത്‌. എന്നാൽ പിന്നീട്‌ കൊലപാതകമാണെന്ന്‌ തെളിഞ്ഞു. പ്രദേശത്തെ ക്രിമിനൽ പോൾസണിന്റെയും സഹോദരൻ ടാനിഷിന്റെയും വധഭീഷണി ജോൺസണിനുണ്ടെന്നും സംഭവം കൊലപാതകമാണെന്നും വീട്ടുകാരും നാട്ടുകാരും സംശയം ഉയർത്തി.
സംഭവസ്ഥലത്തുനിന്ന്‌ എട്ടു കിലോമീറ്ററോളം അകലെ വാഹനവും ഡ്രൈവറും പിടിയിലായതാണ്‌ യാഥാർഥ്യം പെട്ടെന്ന്‌ പുറത്തുവരാൻ കാരണമായത്‌. പിടിയിലായ ലോറിഡ്രൈവർ ചേർത്തല സ്വദേശി തുമ്പി ഷിബുവിനെ ചോദ്യംചെയ്തപ്പോൾ കൊലപാതകമാണെന്ന്‌ തെളിഞ്ഞു. പോൾസണും ടാനിഷും ചേർത്തല സ്വദേശികളായ അജീഷും വിജീഷുമാണ്‌ സംഭവസമയം വാഹനത്തിൽ ഉണ്ടായിരുന്നത്‌.
ഇവർ നേരത്തെ ആസൂത്രണം ചെയ്ത കൊലപാതകത്തിന്‌ പ്രേരണയായത്‌ പോൾസണും ജോൺസണും തമ്മിലുള്ള പകയാണ്‌. കൃത്യനിർവഹണത്തിനുശേഷം വടക്കോട്ട്‌ സഞ്ചരിച്ച്‌ ദേശീയപാതയിലെത്തി രക്ഷപ്പെടാനായിരുന്നു പ്രതികളുടെ ലക്ഷ്യം.

എറണാകുളം ഭാഗത്തേക്ക്‌ പേകാനാണ്‌ അക്രമികൾ ലക്ഷ്യമിട്ടതെന്ന്‌ പൊലീസിന്‌ ബോധ്യമായി. എറണാകുളത്ത്‌ പോൾസണും മറ്റുമുള്ള ബന്ധങ്ങൾ പൊലീസ്‌ നിരീക്ഷിക്കുകയാണ്‌. കടലോര മേഖലകളിൽ ഇവർക്ക്‌ ബന്ധങ്ങളുള്ളതിനാൽ അവിടെയും പൊലീസ്‌ നിരീക്ഷിക്കുന്നുണ്ട്‌.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പോൾസണിന്റെ മുൻകാല ബന്ധങ്ങളും അന്വേഷണത്തിലാണ്‌. കണിച്ചുകുളങ്ങര കൂട്ടക്കൊലയുടെ മാതൃകയിൽ ആസൂത്രണം ചെയ്ത സംഭവം പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ വലിയ വിമർശനത്തിന്‌ ഇടയാക്കി. കൊല്ലപ്പെട്ട ജോൺസണും നാട്ടുകാരും ചേർന്ന്‌ കഴിഞ്ഞ ഒമ്പതിന്‌ ചേർത്തല ഡിവൈഎസ്പിക്ക്‌ വധഭീഷണിയെക്കുറിച്ച്‌ പരാതി നൽകിയതാണ്‌. ഇതാണ്‌ പൊലീസിനെതിരെ വലിയ ആക്ഷേപത്തിനും പ്രതിഷേധത്തിനും ഇടയാക്കിയത്‌. മരിച്ചവരുടെ വീടുകളിൽ ഞായറാഴ്ച എത്തിയ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെയും ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയുടേയും മുന്നിൽ കുടുംബാംഗങ്ങളും നാട്ടുകാരും ഇക്കാര്യം ചൂണ്ടിക്കാട്ടിസങ്കടം പറഞ്ഞിരുന്നു.

Share news