KOYILANDY DIARY.COM

The Perfect News Portal

നിപ വൈറസിനെ പ്രതിരോധിക്കാനായി അഞ്ച് ഡോക്ടര്‍മാര്‍ക്ക് അടിയന്തിര പരിശീലനം

തിരുവനന്തപുരം: നിപ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അഞ്ച് ഡോക്ടര്‍മാര്‍ക്ക് ദില്ലിയിലെ സഫ്‍ദര്‍ജംഗ് ആശുപത്രിയില്‍ അടിയന്തിര വിദഗ്ധ പരിശീലനം. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം സാധ്യമാക്കുന്നത്.

നിപയെപ്പോലെ ഇന്‍ഫക്ഷന്‍ സാധ്യതയുള്ള രോഗം ബാധിച്ചവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന പരിശീലനത്തിന്റെ ആവശ്യകതയെപ്പറ്റി കേന്ദ്ര സംഘം ആരോഗ്യ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് തീരുമാനമുണ്ടായത്. അനസ്‍തേഷ്യ വിഭാഗത്തിലെ രണ്ട് ഡോക്ടര്‍മാരും പള്‍മണറി മെഡിസിന്‍, ജനറല്‍ മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍ എന്നീ വിഭാഗങ്ങളില്‍ നിന്നും ഓരോ ഡോക്ടര്‍മാരും വീതമാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. മേയ് 28 മുതല്‍ ജൂണ്‍ ഒന്നു വരെയായിരിക്കും പരിശീലനം.

ഡോക്ടര്‍മാര്‍ ഞായറാഴ്ച ദില്ലിയിക്ക് യാത്ര തിരിക്കും. നിപ വൈറസ് പോലെയുള്ള ഇന്‍ഫക്ഷന്‍ സാധ്യതയുള്ള രോഗങ്ങളില്‍ തീവ്ര പരിചരണ വിഭാഗം എങ്ങനെ വിദഗ്ധമായി കൈകാര്യം ചെയ്യാം, ഇത്തരം കേസുകളില്‍ വെന്റിലേറ്ററുകളുടെ വിദഗ്ധ ഉപയോഗം എങ്ങനെ, തുടങ്ങിയ കാര്യങ്ങള്‍ക്കാണ് പരിശീലനത്തില്‍ പ്രാധാന്യം നല്‍കുക. പരിശീലനം സിദ്ധിച്ച ഈ ഡോക്ടര്‍മാര്‍ കേരളത്തിലെ മറ്റ് ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതാണ്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *