നിപാ വൈറസ്: കേന്ദ്ര സംഘം ഇന്ന് കോഴിക്കോട്ടെത്തി പരിശോധനകള്‍ നടത്തും

കോഴിക്കോട്: നിപാ വൈറസ് അപകടം വിതയ്‌ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സംഘം ഇന്ന് കോഴിക്കോട്ടെത്തി പരിശോധനകള്‍ നടത്തും. കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലാണ് വിദഗ്ധ സംഘം ഇന്ന് പരിശോധനയ്‌ക്കെത്തുന്നത്. പേരാമ്പ്ര ചങ്ങരോത്ത് പനി ബാധിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിക്കുകയും കൂടുതല്‍ പേരില്‍ രോഗം റിപ്പോര്‍ട്ട് ചെയ്‌തതിന്റേയും അടിസ്ഥാനത്തിലാണ് ശക്തമായ പരിശോധനകളിലേയ്‌ക്ക് ആരോഗ്യവകുപ്പ് എത്തുകയും പിന്നീട് നിപാ വൈറസാണ് മരണകാരണമെന്ന് സ്ഥിരീകരിക്കുകയും ചെയ്‌തത്.
എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോടും അതത് ദിവസത്തെ റിപ്പോര്‍ട്ടുകള്‍ സൂക്ഷമമായി നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനത്തിനുണ്ടായ ആശങ്കയും ഭയവും പരിഹരിക്കാന്‍ ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്( 04952376063). ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഉള്‍പ്പടെ പനി ക്ലിനിക്ക് ആരംഭിക്കാന്‍ ജില്ല കലക്ടറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

ആവശ്യമുള്ളിടത്ത് ഐസോലേഷന്‍ വാര്‍ഡുകളും തുറക്കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹായവും തേടിയിട്ടുണ്ട്. നിപാ വൈറസ് ബാധിച്ചു മരിച്ച ചങ്ങരോത്തെ സഹോദരങ്ങളെ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ ശുശ്രൂഷിച്ച ലിനിയും തിങ്കളാഴ്‌ച പുലര്‍ച്ചെ മരണത്തിന് കീഴടങ്ങിയിരുന്നു.

നിപാ വൈറസ് ലക്ഷണങ്ങള്‍

1. പനി, തലവേദന, ഛര്‍ദി, തലകറക്കം, ബോധക്ഷയം
2. ചിലര്‍ അപസ്‌മാര ലക്ഷണങ്ങള്‍ കാണിക്കും .
3. ലക്ഷണങ്ങള്‍ 10-12 ദിവസം നീണ്ടുനില്‍ക്കും
4. തുടര്‍ന്ന് അബോധാവസ്ഥ.
5. മൂര്‍ധന്യാവസ്ഥയില്‍ രോഗം മസ്തിഷ്‌കജ്വരത്തിലേക്കു നീളും, മരണം സംഭവിക്കാം.
നിപ്പാ വൈറസ് ബാധ തടയാന്‍
1. പക്ഷിമൃഗാദികള്‍ കടിച്ച പഴങ്ങള്‍ കഴിക്കരുത്.
1. രോഗിയുമായി സമ്പര്‍ക്കം ഉണ്ടായാല്‍ കൈകള്‍ വൃത്തിയായി കഴുകണം.
3. രോഗിയെ പരിചരിക്കുമ്പോള്‍ മാസ്‌കും കയ്യുറയും ധരിക്കണം .
4. വവ്വാലുകള്‍ അധികമുള്ളയിടത്തുനിന്നു ശേഖരിക്കുന്ന കള്ളു പോലുള്ള പാനീയങ്ങള്‍ കുടിക്കരുത്.
