കണ്ണൂരില്‍ സിപിഐഎം ലോക്കല്‍ കമ്മറ്റി ഒാഫീസ് ആര്‍എസ്‌എസ് ക്രിമിനലുകള്‍ തകര്‍ത്തു

കണ്ണൂർ: സിപിഐ എം കക്കാട് ലോക്കല്‍ കമ്മിറ്റി ഓഫീസും ഷെര്‍ട്ടറും ആര്‍എസ‌്‌എസ്സുകാര്‍ തകര്‍ത്തു. സ്പിന്നിങ‌് മില്ലിന് സമീപം പ്രവര്‍ത്തിക്കുന്ന ബി ടി ആര്‍ മന്ദിരമാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നോടെ ഇരുചക്ര വാഹനത്തിലെത്തിയ ക്രിമിനല്‍ സംഘം തകര്‍ത്തത്.
ഓഫീസിന്റെ ജനല്‍ചില്ലുകള്‍ പൂര്‍ണമായും തകര്‍ത്തു. വാതില്‍ തകര്‍ത്ത് അകത്ത് കയറാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മില്‍ വര്‍ക്കേഴ്സ് യൂണിയന്‍ ഓഫീസും ഇതേ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സമീപപ്രദേശത്തെ നിരവധി പാര്‍ടി കൊടിമരങ്ങളും കൊടികളും നശിപ്പിച്ചു.

ലക്ഷ്മണന്‍ കടക്ക് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം പൂര്‍ണമായും തകര്‍ത്തു. വേനല്‍ചൂടില്‍ യാത്രക്കാര്‍ക്ക് ആശ്വാസമേകാന്‍ സ്ഥാപിച്ച കുടിവെള്ള ഭരണിയും തകര്‍ത്തിട്ടുണ്ട്. റിജു, രാഹുല്‍, നിധിന്‍, രാഗേഷ് എന്നീ ക്രിമിനലുകളുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയത‌്. കക്കാട്, എടചൊവ്വ സ്വദേശികളാണ് ഇവര്‍. കഴിഞ്ഞ ദിവസം എടചൊവ്വയിലെ കല്യാണ വീട്ടിലാണ് ഗൂഢാലോചന നടന്നതെന്ന് കരുതുന്നു. പൊലീസിനെ ആക്രമിച്ചതുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസിലെ പ്രതികളാണ് ഇവരെല്ലാം.

ഓഫീസ് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനും മറ്റ് നേതാക്കളും സന്ദര്‍ശിച്ചു. വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ആര്‍എസ്‌എസ്﹣ ബിജെപി ശ്രമമാണ് ആക്രമണത്തിന് പിറകിലെന്ന് ജയരാജന്‍ പറഞ്ഞു.

സമാധാനാന്തരീക്ഷം നിലനില്‍ക്കുമ്ബോഴാണ് എല്ലാവരും ആദരിക്കുന്ന ബാബുവിനെ മാഹിയില്‍ കൊലപ്പെടുത്തിയത്. കേരളത്തില്‍ പ്രത്യേകിച്ച് കണ്ണൂരില്‍ ഒരിക്കലും സമാധാനം നിലനില്‍ക്കരുതെന്ന് ആഗ്രഹിക്കുന്നവരാണ് ആര്‍എസ്‌എസ്﹣ ബിജെപി നേതൃത്വമെന്നും ജയരാജന്‍ പറഞ്ഞു.
സംസ്ഥാന കമ്മിറ്റി അംഗം കെ പി സഹദേവന്‍, എം പ്രകാശന്‍, എം ഷാജര്‍, കെപി സുധാകരന്‍, പോത്തോടി സജീവന്‍, പള്ള്യത്ത് ശ്രീധരന്‍, കാടന്‍ ബാലകൃഷ്ണന്‍, പി പ്രശാന്തന്‍ തുടങ്ങിയ നേതാക്കളും ഓഫീസിലെത്തി. ലോക്കല്‍ സെക്രട്ടറി എം വി സഹദേവന്‍ പൊലീസില്‍ പരാതി നല്‍കി.
അക്രമത്തില്‍ പ്രതിഷേധിച്ച് അരയാല്‍തറയില്‍ പ്രകടനവും പൊതുയോഗവും നടത്തി. എം ഷാജര്‍, പള്ള്യത്ത് ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. കാടന്‍ ബാലകൃഷ്ണന്‍ അധ്യക്ഷനായി. എം വി സഹദേവന്‍ സ്വാഗതം പറഞ്ഞു
