KOYILANDY DIARY

The Perfect News Portal

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് നവംബര്‍ രണ്ടിനും അഞ്ചിനും,….. കോഴിക്കോട് നവംബര്‍ രണ്ടിന്

തിരുവനന്തപുരം :  സംസ്ഥാനത്ത് തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് നവംബര്‍ രണ്ട്, അഞ്ച് തീയതികളില്‍ നടക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ശശിധരന്‍ നായര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ ഏഴിന് വിജ്ഞാപനം വരും.രണ്ടിന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലും നവംബര്‍ അഞ്ചിന് കോട്ടയം, പത്തനംതിട്ട. ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് തെരഞ്ഞെടുപ്പ്. നവംബര്‍ ഏഴിനാണ് വോട്ടെണ്ണല്‍.ഒക്ടോബര്‍ 14 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. 17വരെപത്രിക പിന്‍വലിക്കാം. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വന്നു. ഭരണനേട്ടങ്ങള്‍ വിവരിച്ചുകൊണ്ടുള്ള ബോര്‍ഡുകള്‍ എല്ലാം ഉടന്‍നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പിവിസി ഫ്ളക്സുകള്‍ പ്രചരത്തിന് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന നിര്‍ദ്ദേശവും കമ്മീഷന്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രമാണ് വോട്ടിങ്ങിന് ഉപയോഗിക്കുക. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയ്ക്കായി മൂന്ന് വോട്ടിങ് യന്ത്രങ്ങള്‍ ഉണ്ടാകും. മൂന്ന് വോട്ട് ചെയ്യുമ്പോള്‍ വോട്ടിങ് പ്രക്രിയ പൂര്‍ത്തിയാകും. മൂന്നുവോട്ടുകള്‍ ചെയ്യാത്തവര്‍ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് എണ്ട് ബട്ടണ്‍ ഉപയോഗിക്കണം. വോട്ടിങ് യന്ത്രത്തില്‍ നോട്ട ഉള്‍പ്പെടുത്തിയിട്ടില്ല. ഫോട്ടോ പതിച്ച ബാലറ്റും ഇല്ല. 35000ത്തോളം പോളിങ് സ്റ്റേഷനുകളിലാണ് വോട്ടിങ് നടക്കുക.