KOYILANDY DIARY

The Perfect News Portal

ന്യൂജനറേഷന്‍ സിനിമകളെ വെല്ലാന്‍ ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി വരുന്നു.

സിനിമയുടെ പേര് കേട്ടാല്‍ തനി ന്യൂജനറേഷന്‍ സ്റ്റൈല്‍, പക്ഷേ സിനിമ എപ്പോഴും യാഥാര്‍ത്ഥ്യങ്ങള്‍ തുറന്ന് കാട്ടുന്നതും. അതാണ് അനില്‍ രാധാകൃഷ്ണന്റെ സിനിമകളുടെ പ്രത്യേകത. ഇപ്പോഴിതാ അനില്‍ രാധാകൃഷ്ണന്റെ മറ്റൊരു ചിത്രം കൂടി ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി. ഒരു കോമഡി ഫാന്റസി വിഭാഗത്തില്‍പ്പെടുന്ന ഈ ചിത്രം ഏത് ജനറേഷന്‍ സിനിമകളെയും വെല്ലുവിളിക്കുന്ന തരത്തിലുള്ളതാണ്. ന്യൂജനറേഷന്‍ സിനിമകള്‍ എന്ന് പേരിട്ട് വിളിക്കുന്ന ഇന്നത്തെ സിനിമകളിലെ പ്രേമവും രാഷ്ട്രീയവുമൊന്നുമല്ല ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടിയുടെ പ്രമേയം. മരം വെട്ടി കടലാസുണ്ടാക്കുമ്പോള്‍, ഭൂമിയെ കാത്ത് നില്‍ക്കുന്നത് വലിയൊരു വിപത്താണെന്നാണ് ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടിയിലൂടെ അറിയിക്കുകയാണ് സംവിധായകന്‍. ഗൗരവമേറിയ വിഷയമാണ് ചിത്രം പറയുന്നതെങ്കിലും സന്ദര്‍ഭത്തിനനുസരിച്ചുള്ള തമാശകളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. കുഞ്ചാക്കോ ബോബന്‍,നെടുമുടി വേണു,ചെമ്പന്‍ വിനോദ്,സണ്ണി വെയന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലൈഫ് ഓഫ് പൈയ്ക്ക് വേണ്ടി ഗ്രാഫിക്‌സ് ചെയ്ത സര്‍ക്കസ് എന്ന കമ്പിനിയാണ് ഈ ചിത്രത്തിന് വേണ്ടിയും ഗ്രാഫിക്‌സ് ഒരുക്കുന്നത്. കാടിനെ പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വയനാട്, ഇടുക്കി എന്നീ ജില്ലകളെ കേന്ദ്രീകരിച്ചായിരുന്നു. കൂടാതെ കേരളത്തിന് പുറത്ത് ചെന്നൈ, പൂനെ എന്നീ സ്ഥലങ്ങളിലും ഷൂട്ടിങ് ഉണ്ടായിരുന്നു.