KOYILANDY DIARY

The Perfect News Portal

ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്താകെ സുലഭമായി ലഭിക്കുന്ന ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കും. കേരളത്തിന്റെ ഔദ്യോഗിക മൃഗം, പക്ഷി, പൂവ്, മത്സ്യം എന്നിവയ്ക്ക് പിന്നാലെയാണ് ഔദ്യോഗിക ഫലമായി ചക്കയെ തിരഞ്ഞെടുത്തിരിക്കുന്നത്. മാര്‍ച്ച്‌ 21 ബുധനാഴ്ച നടക്കുന്ന ഔദ്യോഗിക പ്രഖ്യാപനത്തോടെ ഇനി കേരളത്തിന്റെ ഫലം ഏതെന്ന ചോദ്യത്തിന് ചക്ക എന്നാകും ഉത്തരം.

സംസ്ഥാന കാര്‍ഷിക വകുപ്പിന്റെ ശുപാര്‍ശ പ്രകാരമാണ് ചക്കയെ കേരളത്തിന്റെ ഫലമായി പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിലൂടെ കേരള ബ്രാന്‍ഡ് ചക്കയെ ലോക വിപണിയില്‍ അവതരിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. ഇതോടൊപ്പം ചക്കയുടേയും, അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ച്‌ ബ്രാന്‍ഡ് ചെയ്യുന്നതിലൂടെ 15000 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ചക്കയുടെയും ചക്കയില്‍ നിന്നുണ്ടാക്കുന്ന അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പനയിലൂടെയാണ് കോടിക്കണക്കിന് രൂപ വരുമാനം പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ വ്യാപകായി ഉല്‍പ്പാദിപ്പിക്കുന്ന ഫലമാണ് ചക്കയെന്നും, എന്നാല്‍ സംസ്ഥാനത്തിന് ഇതുവരെ ചക്കയുടെ ഗുണഫലങ്ങള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കൃഷി വകുപ്പ് മന്ത്രി വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു.

Advertisements

വ്യത്യസ്ത വിഭാഗങ്ങളിലായുള്ള പലതരം ചക്കകളാണ് കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. കീടനാശിനിയോ രാസവള പ്രയോഗമോ കൂടാതെയാണ് ഇവയെല്ലാം വളരുന്നത്. അതിനാല്‍ കേരളത്തിലെ ചക്ക ജൈവഗുണമുള്ളതാണെന്നും, പോഷകമൂല്യമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിനൊപ്പം ചക്ക ഗവേഷണത്തിനായും സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിനുവേണ്ടി വയനാട് അമ്ബലവയലില്‍ ചക്ക ഗവേഷണ കേന്ദ്രം സ്ഥാപിച്ചു. ഇതോടൊപ്പം ചക്കയെ ജനപ്രിയമാക്കാന്‍ വേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ചക്ക ഉത്സവങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *