സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി

കൊയിലാണ്ടി: യു.പി. സ്കൂൾ വിദ്യാർത്ഥിയെ ക്രൂരമായ പീഡനത്തിനിരയാക്കിയതായി പരാതി. കൊയിലാണ്ടി കൊല്ലത്താണ് സംഭവം. കഴിഞ്ഞ രണ്ടാഴ്ചയായി സംഭവം നടന്നിട്ട് പ്രതികൾ ഒളിവിൽ കഴിയുകയാണെന്നാണ് സൂചന. കൊല്ലം സ്വദേശിയായ നാലാംക്ലാസ് വിദ്യാർത്ഥിയെയാണ് പീഡിപ്പിച്ചതെന്ന് പറയപ്പെടുന്നു.
കൊയിലാണ്ടി കൊല്ലം മന്ദമംഗലം പാതിരിക്കാട് സ്വദേശികളായ രാധാകൃഷ്ണൻ, കുഞ്ഞിരാമൻ എന്നിവർ വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയതായാണ് കേസ്. മാസങ്ങളോളമായി പീഡിപ്പിക്കുന്നതായാണ് അറിയുന്നത്. മിഠായിയും ചില്ലറ പൈസയും നൽകി വശീകരിച്ചാണ് ഇവർ ലൈംഗിക ചുവയോടെ കുട്ടിയോട് പെരുമാറിയത്. കുട്ടിയുടെ സ്വഭാവത്തിൽ മാറ്റം കണ്ടതിനെതുടർന്ന് വീട്ടുകാർ ചോദ്യം ചെയ്തതോടെയാണ് പീഡനം നടന്നതായി അറിഞ്ഞത്.

സംഭവം വിവാദമായതോടെ കൊയിലാണ്ടി പോലീസും, ചൈൽഡ് ലൈൻ അധികൃതരും കുട്ടിയുടെ വീട്ടിൽ സന്ദർശനം നടത്തി. സി. ഐ. കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സമീപത്തുള്ള മറ്റ് വിദ്യാർത്ഥികളെയും പീഡിപ്പിക്കുന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. അതിനിടെ പ്രതികളെ സംരക്ഷിക്കാൻ നീക്കം നടക്കുന്നതായാണ് വിവരം. രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്തതിൽ നാട്ടുകാർക്ക് ശക്തിയായ പ്രതിഷേധമുണ്ട്.

