ഓട്ടോയ്ക്ക് മുകളില്‍ ചരക്ക് ലോറി മറിഞ്ഞ് അമ്മയും മകളും ദാരുണമായി മരിച്ചു

പൊയിനാച്ചി: ലോറിയിടിച്ച് റോഡരികിലെ താഴ്ചയിലേക്ക് വീണ ഓട്ടോയ്ക്ക് മുകളില്‍ അതേ ചരക്ക് ലോറി മറിഞ്ഞ് അമ്മയും മകളും ദാരുണമായി മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചട്ടഞ്ചാല്‍ മണ്ഡലിപ്പാറയിലെ ശോഭ(36), മകള്‍ വിസ്മയ(13) എന്നിവരാണ് മരിച്ചത്. ശോഭയുടെ ഭര്‍ത്താവ് രാജന്(45), ഓട്ടോ ഡ്രൈവര്‍ കനിയംകുണ്ടിലെ അബ്ദുല്‍ഖാദര്‍(40) എന്നിവര്‍ക്ക് പരിക്കേറ്റു.
ഇന്ന് പുലര്‍ച്ചെ 3.50ന് പെട്രോള്‍ ബങ്കിനും പൊയിനാച്ചി ടൗണിനും ഇടയിലെ വളവിലാണ് അപകടം നടന്നത്. ശോഭയുടെ മൂത്ത മകള്‍ മായയും ഭര്‍ത്താവും പുല്ലൂരിലാണ് താമസം. ഇവരുടെ കുഞ്ഞിന് ഇന്ന് പറശ്ശിനിക്കടവില്‍ ചോറൂണ് നല്കാന് തീരുമാനിച്ചിരുന്നു. പുല്ലൂരില്‍ നിന്ന് ഒന്നിച്ച് യാത്ര പുറപ്പെടാനിരുന്നതാണ്. പുല്ലൂരിലേക്ക് അബ്ദുല്‍ ഖാദറിന്റെ ഓട്ടോ റിക്ഷയില്‍ രാജനും ശോഭയും മകള്‍ വിസ്മയേയും കൂട്ടി പോകുമ്ബോഴാണ് അപകടം നടന്നത്. ചരക്ക് ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതായാണ് സംശയിക്കുന്നത്.

റോഡില്‍ നിന്ന് ഗതിമാറി ഓടിയ ചരക്ക് ലോറി ആദ്യം ഓട്ടോയില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ റോഡിന് താഴെയുള്ള കളിസ്ഥലത്തേക്ക് മറിഞ്ഞു. ഡ്രൈവര്‍ അബ്ദുല്‍ഖാദറും രാജനും റോഡില്‍ തെറിച്ചുവീണു. ശോഭയും മകളും പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് ഓട്ടോയ്ക്ക് മുകളില്‍ നിയന്ത്രണം വിട്ട അതേ ചരക്ക് ലോറി മറിഞ്ഞത്. ഓട്ടോയ്ക്കകത്ത് കുടുങ്ങിയ ഇരുവരും ദാരുണമായി മരിച്ചു.

വിവരമറിഞ്ഞ് പൊയിനാച്ചിയില്‍ ഉണ്ടായിരുന്ന പൊലീസ് ഫ്ളൈയിംഗ് സ്ക്വാഡ് ഉടനെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഫയര്‍ഫോഴ്സിനെയും വിളിച്ചു. പരിക്കേറ്റ രാജനെയും അബ്ദുല്‍ ഖാദറിനെയും ആസ്പത്രിയിലേക്ക് കൊണ്ടുപോയി. രണ്ട് ക്രെയിനുകള്‍ കൊണ്ടുവന്ന് അഗ്നിശമന സേനയും പൊലീസും ചേര്‍ന്ന് ചരക്ക് ലോറി പൊക്കിമാറ്റിയാണ് ശോഭയേയും വിസ്മയേയും പുറത്തെടുത്തത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി. ശോഭ-രാജന് ദമ്ബതികള്‍ക്ക് വിസ്മയയെയും മായയേയും കൂടാതെ മനുരാജ് എന്ന മകനുമുണ്ട്. മരിച്ച വിസ്മയ ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

