അസംകാരി ഹിമാദ്രിയെ റിപ്പബ്ലിക് ദിനത്തില്‍ കൂടിക്കാഴ്ച്ചക്ക് ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി

മലപ്പുറം: റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനുള്ള ക്ഷണം ലഭിച്ച സന്തോഷത്തിലാണ് അസം സ്വദേശിനി ഹിമാദ്രി മാജി. മലയാളികളെ പിന്നിലാക്കി മലയാളത്തെ നെഞ്ചിലേറ്റിയെന്നതാണ് മുഖ്യമന്ത്രിയുടെ ക്ഷണം ഹിമാദ്രിയെ തേടിയെത്താന്‍ കാരണം. മലപ്പുറം പുലാമന്തോള്‍ പാലൂരില്‍ താമസമാക്കിയ അഭിലാഷ് മാജിയുടെയും പുരോബിയുടെയും മകളാണ് ഹിമാദ്രി മാജി. തൊഴില്‍ തേടി അച്ഛനും അമ്മയും കേരളത്തില്‍ എത്തിയതോടെ ഹിമാദ്രിയുടെ പഠനം പുലാമന്തോളിലെ സ്കൂളുകളിലായിരുന്നു.
എന്നാല്‍ മലയാളികളെ ബഹുദൂരം പിന്നിലാക്കുന്നതായിരുന്നു ഹിമാദ്രിയുടെ ഭാഷാ മികവ്. വിവിധ ഭാഷാ പുരസ്കാരങ്ങള്‍ ഇതിനോടകം ഹിമാദ്രിയെ തേടിയെത്തിയിട്ടുണ്ട്. ഹിമാദ്രിയുടെ മലയാള പ്രേമം കണക്കിലെടുത്താണ് റിപ്പബ്ലിക് ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്താന്‍ ക്ഷണമുള്ളത്. കൂലിവേലക്കാരനായ അഭിലാഷ് മാജിയും കുടുംബവും വാടക ക്വാര്‍ട്ടേഴ്സിലാണ് താമസം.

11 വര്‍ഷം മുമ്ബ് അസമിലെ ഗുലഹട്ടില്‍ നിന്ന് ഉപജീവനമാര്‍ഗം തേടി കേരളത്തിലെത്തിയതാണ് ഹിമാദ്രിയുടെ കുടുംബം. നാലാം ക്ലാസ് വരെ പാലൂര്‍ എല്‍.പി സ്കൂളില്‍ പഠിച്ച ഹിമാദ്രി അഞ്ചാം ക്ലാസ് മുതല്‍ പുലാമന്തോള്‍ ഗവ.ഹൈസ്കൂളിലാണ് പഠിക്കുന്നത്.

സ്കൂളില്‍ ചേര്‍ക്കുമ്ബോള്‍ ഭാഷ പ്രശ്നമാവുമെന്ന് എല്ലാവരും കരുതിയെങ്കിലും ഹിമാദ്രി ക്ലാസിലെ കുട്ടികളെയെല്ലാം മലയാളത്തില്‍ പിന്നിലാക്കി. നാട്ടില്‍ നിന്നെത്തി ഇവിടെ സ്കൂളില്‍ ചേര്‍ത്തിയെങ്കിലും ചുരുങ്ങിയ വര്‍ഷത്തിനുള്ളില്‍ല്‍ മടങ്ങി പോകാനാണ്ഹിമാദ്രിയുടെ കുടുംബം തിരുമാനിച്ചിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ ഹിമാദ്രിയുടെ കുടുംബം പാലൂരിലെ വാടക താമസം സ്ഥിരമാക്കി. മലയാളത്തെ സ്നേഹിച്ച ഹിമാദ്രിയും കുടുംബവും നാട്ടുകാര്‍ക്കും കണ്ണിലുണ്ണിയായി.

ഇപ്പോള്‍ ആറ് വര്‍ഷമായി നാട്ടില്‍ പോയിട്ട്. ഇതിനകം പന്മന രാമചന്ദ്രന്‍ നായര്‍ ഫൗണ്ടേഷഷന്റെ പ്രഥമ മലയാള ഭാഷാ പുരസ്കാരം ഉള്‍പ്പടെ ഭാഷയുമായി ബന്ധപ്പെട്ട് ഒട്ടേറെ പുരസ്കാരങ്ങള്‍ ഹിമാദ്രി നേടിയിട്ടുണ്ട്. പഠനത്തില്‍ മികവു പുലര്‍ത്തുന്നതിനൊപ്പം ഒട്ടേറെ മലയാളം കയ്യക്ഷര, വായനാ മത്സരങ്ങളില്‍ മലയാളികളെ പിന്തള്ളി ഹിമാദ്രി മാജി മുന്നിലെത്തിയിരുന്നു.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്കൊപ്പം ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങല്‍ ചര്‍ച്ച ചെയ്യുന്ന പ്രതിവാര സംവാദ പരിപാടിയിലും മുഖ്യമന്ത്രിക്കൊപ്പം പങ്കെടുക്കും. മുഖ്യമന്ത്രിയെ അടുത്ത് കാണാനും സംസാരിക്കാനും കിട്ടുന്ന ഭാഗ്യാവസരത്തിനായി കാത്തിരിക്കുകയാണ് ഹിമാദ്രി. മാതാപിതാക്കള്‍ക്കും അദ്ധ്യാപകരായ മണിലാല്‍, പ്രമോദ് എന്നിവര്‍ക്കൊപ്പം ഹിമാദ്രി മാജി 25ന് ട്രെയിനില്‍ തിരുവനന്തപുരത്തേക്കു പോകും.
