അധിനിവേശത്തിനെതിരെ വിദ്യാര്‍ത്ഥികൾ മതിൽ തീർത്തു

കൊയിലാണ്ടി : തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബ് വിദ്യാര്‍ഥികള്‍ ചരിത്രത്തിലെ നേര് തേടി വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. യൂറോപ്യന്‍ ആഗമനത്തിന് ആദ്യമായി ആദിത്യമരുളിയ കാപ്പാട് അധിനിവേശത്തിനെതിരെ മതില്‍ തീര്‍ത്ത വിദ്യാര്‍ഥികള്‍ അധിനിവേശ വിരുദ്ധ പ്രതിജ്ഞയെടുത്തു.
ദേശീയ സ്വാതന്ത്ര്യസമരത്തെക്കുറിച്ചും, സാമ്രാജ്യത്വ അധിനിവേശത്തെക്കുറിച്ചുമുള്ള പഠനത്തിന്റെ ഭാഗമായാണ് ചരിത്രത്തിലെ നേര് തേടിയുള്ള യാത്ര. നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സാമ്രാജ്യത്വ ചെറുത്തുനില്പിന്റെ പ്രതീകമായ കോട്ടക്കല്‍ കുഞ്ഞാലിമരക്കാറുടെ സ്മരണകള്‍ ഇരമ്പുന്ന പുതുപ്പണം കോട്ടപ്രദേശം, പ്രചീന തുറമുഖമായിരുന്ന പന്തലായനി, ചരിത്രത്തിലേറെ ശ്രദ്ധ നേടിയ കൗമുദി ടീച്ചറുടെ നാടായ വടകരയിലെ വിവിധ ചരിത്ര സ്ഥലങ്ങള്‍ എന്നിവടങ്ങളില്‍ വിദ്യാര്‍ഥികള്‍ സന്ദര്‍ശിച്ച് ചരിത്രസ്മരണകള്‍ പുതുക്കി.
വിദ്യാര്‍ഥി പ്രതിനിധികളായ ദേവേന്ദ്ര എസ്. സുനില്‍, പുണ്യ പൂജ, ആയിഷ ഹംന, വിഷ്ണു, സ്‌നേഹ എന്നിവര്‍ നേതൃത്വം നല്‍കി. അധ്യാപകരായ കെ. അണിമ, കെ. പ്രീത, പി. വിനോദ്, പി. ഷാജി, വി. മുനീര്‍, കെ. പി. സുധീഷ് എന്നിവര്‍ പങ്കെടുത്തു.
