ക്രൈംബ്രാഞ്ച് അന്വേഷണസംഘം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്നും മൊഴിയെടുത്തു

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഒരാള്‍തന്നെ ബ്ളാക്മെയില്‍ ചെയ്തുവെന്ന പരാമര്‍ശത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണസംഘം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്നും മൊഴിയെടുത്തു. ഉമ്മന്‍ചാണ്ടിയുടെ പരാമര്‍ശം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഡിജിപിക്ക് നല്കിയ പരാതിയിലാണ് മൊഴിയെടുത്തത്.
കേസില്‍ തന്നെ ബ്ളാക്മെയില്‍ ചെയ്തത് വ്യക്തികളല്ലെന്ന് ഉമ്മന്‍ചാണ്ടി മൊഴി നല്കി. സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനുമായുള്ള കൂടികാഴ്ചയുടെ വിവരങ്ങള്‍ താന്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും ഇതിന്റെ പേരില്‍തന്നെ പലരും ബ്ളാക്മെയില്‍ ചെയതെന്നുമാണ് പറഞ്ഞതെന്നും ഉമ്മന്‍ചാണ്ടി മൊഴി നല്കി.

മുഖ്യമന്ത്രിയായിരുന്ന വ്യക്തി ബ്ളാക് മെയിലിന് നിന്നുകൊടുത്തത് സത്യ പ്രതിജ്ഞാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെ സുരേന്ദ്രന് ഹര്‍ജി നല്‍കിത്.

സോളാര്‍ അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടി അന്ന് പറഞ്ഞത് ഇങ്ങിനെയാണ്.” സോളാറുമായി ബന്ധപ്പെട്ട് ഒരുപാടുപേര് ബ്ളാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. ഞാന്‍ നിന്നുകൊടുത്തിട്ടില്ല. എന്തുവന്നാലും സഹിക്കും എന്നാണ് അവരോടൊക്കെ പറഞ്ഞത്. എന്നാല്‍ ഏറ്റവും അടുത്തയാളാണ് അതിന് ശ്രമിച്ചത്. അല്ലാതെ ബുദ്ധിമുട്ടിക്കാന്‍ വന്നവര്‍ അല്ല.

ഒരാളുടെ ബ്ളാക് മെയിലിങ്ങിന് മാത്രം ഞാന്‍ വിധേയനായി. ഇന്ന് അതില്‍ ഞാന്‍ ദു:ഖിക്കുന്നു. അത് ഞാന്‍ പിന്നീട് പറയും” എന്നായിരുന്നു. സുധീരനാണോ അത് എന്ന ചോദ്യത്തിന് സുധീരന് നമ്മുടെ സഹപ്രവര്‍ത്തകനല്ലേ എന്നായിരുന്നു മറുപടി. മാധ്യമപ്രവര്‍ത്തകര്‍ പലതവണ ആവശ്യപ്പെട്ടിട്ടും ആ പേരുപറയാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായിരുന്നില്ല.
