KOYILANDY DIARY.COM

The Perfect News Portal

പാര്‍ടിയുടെ തകര്‍ച്ചയും അസ്തമയവും ആഗ്രഹിച്ചവര്‍ നിരാശരായി: പിണറായി

കൊയിലാണ്ടി : സിപിഐ എം തകരുമെന്നും അസ്തമിക്കുമെന്നും പ്രചരിപ്പിച്ചവര്‍ നിരാശരായെന്ന് പൊളിറ്റ്ബ്യൂറോ അംഗം  പിണറായി വിജയന്‍ പറഞ്ഞു. എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് പ്രസ്ഥാനം കരുത്തുനേടി. സിപിഐ എം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് സ്പോര്‍ട്സ് കൌണ്‍സില്‍ സ്റ്റേഡിയത്തില്‍ ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപംകൊണ്ടതുമുതല്‍ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഓരോ ഘട്ടത്തിലും അതിനെയെല്ലാം അതിജീവിച്ചാണ് പ്രസ്ഥാനം വളര്‍ന്നത്. തുടക്കത്തില്‍ നിരോധനമായിരുന്നു. അറസ്റ്റും കരുതല്‍ തടങ്കലും ഗുണ്ടാ ആക്രമണവും കള്ളക്കേസുകളും പാര്‍ടി അതിജീവിച്ചു. കള്ളക്കേസുകള്‍ എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്.  കേസില്‍ കുടുക്കി പാര്‍ടിയെ ഇല്ലാതാക്കാമെന്ന് ധരിച്ചവരുണ്ട്. നിരവധി നേതാക്കളും പ്രവര്‍ത്തകരും ജയിലില്‍പ്പോയി. പക്ഷേ, മര്‍ദനമോ അറസ്റ്റോ കേസുകളോ പാര്‍ടിയെ തളര്‍ത്തിയില്ല.

ഏറ്റവും ഒടുവില്‍ ജില്ലാ സമ്മേളനത്തിന് തൊട്ടുമുമ്പ് പാര്‍ടി നേതാക്കളെ അറസ്റ്റ് ചെയ്തു. കേന്ദ്രം ഭരിക്കുന്ന ബിജെപി  നിര്‍ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടത്താന്‍ ചില അന്വേഷണ ഏജന്‍സികള്‍ നിലവിട്ട് പെരുമാറുന്ന അവസ്ഥയുണ്ട്. അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ടുപോകാന്‍ സാധിക്കും.  പലതരത്തിലുള്ള രാഷ്ട്രീയ വ്യതിയാനങ്ങളെയും  ഫലപ്രദമായി നേരിടാന്‍ സാധിച്ചു.

Advertisements

വലതുപക്ഷ വ്യതിയാനത്തെയും ഇടതുപക്ഷ വ്യതിയാനത്തെയും ശരിയായ രീതിയില്‍ നേരിട്ട് പാര്‍ടി വളര്‍ന്നു. എല്ലാഘട്ടത്തിലും വലതുപക്ഷ മാധ്യമങ്ങളുടെ നിര്‍ലോഭ പിന്തുണ വ്യതിയാനക്കാര്‍ക്ക് കിട്ടാറുണ്ട്. സമീപകാലത്തും വ്യതിയാനക്കാര്‍ക്ക് മാധ്യമങ്ങള്‍ സര്‍വം മറന്നുള്ള പിന്തുണ നല്‍കി. സിപിഐ എം തകരുന്നുവെന്നും അസ്തമിക്കാന്‍ പോകുന്നുവെന്നും പൊടിപ്പും തൊങ്ങലും വച്ചുള്ള വലിയ പ്രചാരണമുണ്ടായി.

വ്യതിയാനത്തിന്റെ ശക്തികള്‍ കരുത്തുനേടുന്നുവെന്ന പല കണക്കുകളും നിരത്തി പ്രചരിപ്പിച്ചവരുണ്ട്. പാര്‍ടിയെ സ്നേഹിക്കുന്നവരെ പ്രയാസപ്പെടുത്തുകയും ഉത്കണ്ഠാകുലരാക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ ധാരാളംവന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. വ്യതിയാനമുണ്ടായ പലരും തെറ്റ് മനസ്സിലാക്കി പാര്‍ടിയിലേക്ക് തിരിച്ചുവന്നു.

എന്നാല്‍ അതൊന്നും വാര്‍ത്തയായതുമില്ല. ഇന്നത്തെ കാലഘട്ടത്തില്‍ പാര്‍ടി കൂടുതല്‍ കരുത്ത് നേടേണ്ടതുണ്ട്. പാര്‍ടി ശക്തിപ്പെടണമെന്ന്  ജനങ്ങള്‍  ആഗ്രഹിക്കുന്നതായി പിണറായി പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *