തിരുവള്ളൂരിനെ വൃക്കരോഗ വിമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

വടകര: തിരുവള്ളൂരിനെ വൃക്കരോഗ വിമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. തിരുവള്ളൂര്‍, ചെറുവണ്ണൂര്‍ പഞ്ചായത്തുകളിലെ വൃക്ക രോഗികള്‍ക്ക് ആശ്വാസമേകാന്‍ മുയിപ്പോത്ത് ആരംഭിക്കുന്ന ക്രസന്റ് തണല്‍ ഡയാലിസിസ് നിധിലേക്ക് ജനുവരി 13,14 ന് നടക്കുന്ന ജനകീയ വിഭവസമാഹരണം വിജയിപ്പിക്കാന്‍ തിരുവള്ളൂര്‍ പഞ്ചായത്തിലെ ഹെഡ്മാസ്റ്റര്‍ മാരുടെയും പിടിഎ. പ്രസിഡന്റുമാരുടെയും തീരുമാനിച്ചു.
വിദ്യാര്‍ഥികളിലൂടെയാണ് പദ്ധതി നടപ്പാക്കുക. കുട്ടികളെ ഇതിനായി ബോധവത്ക്കരിക്കും. വൃക്കരോഗ വിദഗ്ധരുടെ ക്ലാസ്സുകള്‍, സ്കൂള്‍ സ്മാര്‍ട്ട് റൂമില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഡോക്യുമെന്ററികള്‍ അടങ്ങിയ സിഡികള്‍ എല്ലാ വിദ്യാലയങ്ങള്‍ക്കും വിതരണം ചെയ്യും. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് പ്രദര്‍ശനങ്ങളും,വൃക്ക രോഗ നിര്‍ണ്ണയ പരിശോധനയും ഒരുക്കും.

സ്ഥിരമായി വ്യായാമം ചെയ്യുക, ഫാസ്റ്റ്ഫുഡ് ഒഴിവാക്കുക, സ്വയം ചികിത്സ ഒഴിവാക്കുക, അനാവശ്യ മരുന്നു സേവ ഒഴിവാക്കുക, ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, മല മൂത്ര ശങ്ക കളെ പിടിച്ചു നിര്‍ത്താതിരിക്കുക തുടങ്ങിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍ സ്കൂളുകളില്‍ വിതരണം ചെയ്യും. വിഷയം ചര്‍ച്ചചെയ്യാന്‍ സ്കൂളുകളില്‍ പ്രത്യേക സ്റ്റാഫ് യോഗം, പിടിഎ യോഗം, അസംബ്ലി എന്നിവ ചേരും.

ക്രസന്റ് തണല്‍ ഡയാലിസിസ് നിധിയിലേക്ക് ഹൈസ്കൂളില്‍ നിന്നും 25,000 രൂപയും, യുപി.സ്കൂളില്‍ നിന്നും 10000 രൂപയും, എല്‍പി സ്കൂളില്‍ നിന്നും 5000 രൂപയും ശേഖരിച്ച് നല്‍കാനും യോഗത്തില്‍ തീരുമാനമായി. സ്റ്റാഫും രക്ഷിതാക്കളും സംയുക്തമായാണ് തുക ശേഖരിക്കുക. സ്ക്വാഡുകള്‍ നടത്തുന്ന വിഭവ സമാഹരണത്തെ ബാധിക്കാത്ത രീതിയിലാണ് ഫണ്ട് ശേഖരണം. പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് മെമ്ബര്‍ ഡി. പ്രജീഷ് അധ്യക്ഷത വഹിച്ചു.

തണല്‍ മേനേജര്‍ കെ.ഇല്യാസ് പ്രഭാഷണം നടത്തി.ജനറല്‍ കണ്‍വീനര്‍ ആര്‍.കെ.മുഹമ്മദ്,കോ-ഓര്‍ഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍, എഫ്. എം. മുനീര്‍, മേലത്ത് സുധാകരന്‍, വികെ.ശൈലജ, വിഎന്‍ മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
