പശുക്കടവ് ലിറ്റില്‍ ഫ്ലവര്‍ യുപി സ്കൂളില്‍ സമൂഹ വിരുദ്ധരുടെ അഴിഞ്ഞാട്ടം

കുറ്റ്യാടി: പശുക്കടവ് ലിറ്റില്‍ ഫ്ലവര്‍ യുപി സ്കൂളില്‍ സമൂഹ വിരുദ്ധരുടെ അഴിഞ്ഞാട്ടം. സ്കൂള്‍ ലൈബ്രററി റൂം തകര്‍ത്ത് അകന്ന് കടന്ന സമൂഹ വിരുദ്ധര്‍ മുറിക്കുള്ളിലെ ലൈബ്രററി പുസ്തകങ്ങള്‍ പിച്ചി ചീന്തുകയും തീവെച്ച് നശിപ്പിക്കുകയും ചെയ്തു.
ലൈബ്രററി ഹാളിന്റെ ജനാലകള്‍ തകര്‍ത്താണ് അക്രമികള്‍ അകത്ത് കയറി മുപ്പതിനായിരത്തിലധികം വില വരുന്ന പുസ്തകങ്ങള്‍ അഗ്നിക്കിരയാക്കിയത്. നബിദിനത്തിന്റെ അവധിക്ക് ശേഷം ഇന്നലെ സ്കൂള്‍ തുറന്നപ്പോഴാണ് പുസ്തകങ്ങള്‍ നശിപ്പിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തത് സ്കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പിഞ്ചു കുട്ടികളുടെ അക്ഷര വെളിച്ചമായ പുസ്തകങ്ങള്‍ തീവെച്ച് നശിപ്പിച്ച വാര്‍ത്ത മലയോര ഗ്രാമം ഞ്ഞെട്ടലോടെയാണ് ശ്രവിച്ചത്.

അടിയന്തിരമായി വിളിച്ചു ചേര്‍ത്ത പിടിഎ യോഗം സംഭവത്തെ അപലപിക്കുകയും ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു. പ്രതികളെ ഉടന്‍ കണ്ടെത്തി നിയമത്തിനു മുന്‍പില്‍ കൊണ്ട് വരണമെന്ന് യോഗം ആവശ്യപ്പെട്ടു.യോഗത്തില്‍ സ്കൂള്‍ മാനേജര്‍ ഫാ.തോമസ് മല പ്രവനാല്‍ അദ്ധ്യക്ഷത വഹിച്ചു.

പ്രധാനാധ്യാപകന്‍ കെ.ജെ.സെബാസ്റ്റ്യന്‍ കുന്നിപറമ്പില്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ബീന ആലക്കല്‍, ബിബി പാറയ്ക്കല്‍, തുടങ്ങിയവര്‍ സംസാരിച്ചു. സംഭവ സ്ഥലം തൊട്ടില്‍പ്പാലം എസ്.ഐ.സജു എബ്രഹാമിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സന്ദര്‍ശിച്ചു. സംഭവത്തില്‍ കേസ് എടുത്തതായും സ്കൂള്‍ ലൈബ്രററി തകര്‍ത്ത് പുസ്തകങ്ങള്‍ തീവെച്ച് നശിപ്പിച്ച വരെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും എസ്.ഐ. പറഞ്ഞു.

