ജി.എസ്.ടി തകിടം മറിക്കാന്‍ കേരളത്തില്‍ ആസൂത്രിതമായ ശ്രമം നടക്കുന്നു: കെ. സുരേന്ദ്രന്

കോഴിക്കോട്: സംസ്ഥാന സര്‍ക്കാറുകളുടെ കൂടി അനുമതിയോടെ നടപ്പാക്കിയ ജി.എസ്.ടി തകിടം മറിക്കാന്‍ കേരളത്തില്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് പറഞ്ഞു. ഇതിന്റെ ഭാഗമായാണ് വില കുറയേണ്ട സാധനങ്ങള്‍ക്ക് വില കുറയാത്തത്. ‘നോട്ട് നിരോധനവും ഇന്ത്യന്‍ സമ്പദ്ഘടനയും’ എന്ന വിഷയത്തില്‍ ദേശീയ അഭിഭാഷക പരിഷത്ത് സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ പ്രസിഡന്റ് മനോഹര്‍ലാല്‍ അദ്ധ്യക്ഷത വഹിച്ചു.
നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ്ഘടന സുതാര്യമാക്കിയെന്ന് സുരേന്ദ്രന് പറഞ്ഞു. നോട്ട്നിരോധനത്തിനു മുമ്പ്
നികുതി അടച്ചിരുന്നത് 25 ലക്ഷം പേര് മാത്രമായിരുന്നു. ഇതില്‍ ഏറിയ പങ്കും സര്‍ക്കാര്‍ ജീവനക്കാരുമായിരുന്നു. എന്നാല്‍ ഡിജിറ്റലൈസേഷനും ജി.എസ്.ടിയും ജനങ്ങളെ കൊണ്ട് നികുതി അടപ്പിക്കാന്‍ കാരണമായി.

കള്ളപ്പണത്തിനെയും അഴിമതിയേയും നേരിടാന്‍ കുറുക്കുവഴികളില്ലെന്നും ശക്തമായ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ മാത്രമാണ് പോംവഴിയെന്നും സുരേന്ദ്രന് പറഞ്ഞു. ബെഫി ഉള്‍പ്പെടെയുള്ള ബാങ്ക് എംപ്ലോയീസ് സംഘടനകള്‍ നോട്ട് നിരോധനത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നിരോധിച്ച നോട്ടുകളെല്ലാം തിരിച്ചെത്തിയതു കൊണ്ട് നോട്ട്നിരോധനം പരാജയപ്പെട്ടെന്ന് പറയുന്നത് രാഷ്ട്രീയവാദം മാത്രമാണ്. 17 ലക്ഷത്തോളം വ്യാജ ബാങ്ക് അക്കൗണ്ടുകളും കോടിക്കണക്കിന് രൂപയുടെ കള്ളപ്പണവും വെളിപ്പെട്ടത് രാജ്യത്തിന്റെ സമ്പദ്ഘടനയെ സുതാര്യമാക്കി. 2.24 ലക്ഷം കടലാസ് കമ്ബനികള്‍ അടച്ചുപൂട്ടിയ സര്‍ക്കാര്‍ അഴിമതിക്കെതിരെ ശക്തമായി മുന്നോട്ട് പോവുകയാണ്. 2016ല്‍ നടപ്പാക്കിയ ബിനാമി പ്രോപ്പര്‍ട്ടി ആക്ട് കള്ളപ്പണക്കാരുടെ നട്ടെല്ല് ഒടിച്ചെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പര്‍ പി.എം നിയാസ്, ഓള് ഇന്ത്യാ ലോയേര്‍സ് യൂണിയന് ദേശീയ വൈസ് പ്രസിഡന്റ് ഇ.കെ നാരായണന്, എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി. ഗവാസ് ഭാരതീയ വിചാര കേന്ദ്രം ജില്ലാ പ്രസിഡന്റ് പി. ബാലഗോപാലന് എന്നിവര്‍ സംസാരിച്ചു.
