ബാലശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ദേശീയതലത്തിലേക്ക് കോഴിക്കോട് നിന്ന് 4 ടീമുകള്‍

കോഴിക്കോട്: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും നേതൃത്വം നല്കുന്ന ബാലശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ദേശീയതലത്തിലേക്ക് കോഴിക്കോട് നിന്ന് 4 ടീമുകള്‍ തെരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള 16 ടീമുകളില്‍ 4 ടീമുകളും ഒരു ജില്ലയില്‍ നിന്നാവുന്നത് ആദ്യമായാണ്.
സീനിയര്‍ വിഭാഗത്തില്‍ നിന്ന് ഗവ. എച്ച്.എസ്.എസ്. കോക്കല്ലൂരിലെ അനുവിന്ദ്.പി.ആര് കോണ്‍ക്രീറ്റ് കട്ട പാകലിലെ ദൂഷ്യവശങ്ങള്‍ മനോഹരമായി അവതരിപ്പിച്ച് ദേശീയതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ചാലപ്പുറം ഗവ. ഗണപത് മോഡല്‍ ഗേള്‍സ് എച്ച്.എസ്.എസിലെ ഭവ്യ. പി കാവുകളിലെ സസ്യജാലങ്ങളെയും മണ്ണിനങ്ങളെയും കുറിച്ച് പഠനം നടത്തി ദേശീയതലത്തിലെത്തി.

ജൂനിയര്‍ വിഭാഗത്തില്‍ ഗവ. എച്ച്.എസ്.എസ്. കുറ്റിക്കാട്ടൂരിലെ ലുബ്ന ഷെറിന് ഊര്‍ജസംരക്ഷണത്തില്‍ വിവിധതരം എല്‍.ഇ.ഡി ബള്‍ബുകളുടെ ഗുണമേന്മയെക്കുറിച്ച് പഠനം നടത്തിയും നന്മണ്ട സരസ്വതി വിദ്യാമന്ദിറിലെ മയൂഖ ഷാജി നന്മണ്ട പ്രദേശത്തെ ഡെങ്കിപ്പനി ബാധിതരേയും അതിന്റെ ശാസ്ത്രീയകാരണങ്ങളെ കുറിച്ചും പ്രോജക്ട് അവതരിപ്പിച്ച് ദേശീയതലമത്സരത്തിന് അര്‍ഹത നേടി.

ഡിസംബര്‍ 27 മുതല്‍ 31 വരെ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടക്കുന്ന ദേശീയതലമത്സരത്തില്‍ ഈ 4 ടീമുകള്‍ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിക്കും.

